ട്രംപ് ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി, ആദ്യ വിമാനം പുറപ്പെട്ടു; റിപ്പോർട്ട്
national news
ട്രംപ് ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി, ആദ്യ വിമാനം പുറപ്പെട്ടു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 8:24 am
മതിയായ രേഖകളില്ലാതെ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാർ യു.എസിൽ താമസിക്കുന്നുണ്ട്.

ന്യൂദൽഹി: മതിയായ രേഖകളില്ലാതെ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.

മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നതായി റിപ്പോർട്ടുകൾ വന്നത്. കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടെ സി-17 വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. നാടുകടത്തലിനായി ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ ഒരു പ്രാരംഭ പട്ടിക യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) തയ്യാറാക്കിയിയിരുന്നു. എങ്കിലും നിലവിൽ പുറപ്പെടുന്ന വിമാനത്തിൽ എത്രപേർ ഉണ്ടായിരിക്കുമെന്ന് വ്യക്തമല്ല.

പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാർ യു.എസിൽ താമസിക്കുന്നുണ്ട്. മെക്സിക്കോക്കും എൽ സാൽവഡോറിനും ശേഷം അമേരിക്കയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

കഴിഞ്ഞ മാസം, യു.എസിൽ നിന്നുള്ള രേഖകളില്ലാത്ത ഇന്ത്യക്കാരെ രാജ്യത്തേക്ക് നിയമാനുസൃതമായി തിരികെ കൊണ്ടുവരാൻ എപ്പോഴും തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. യു.എസിൽ നിന്ന് നാടുകടത്തപ്പെടുന്ന വ്യക്തികളുടെ എണ്ണം ഇതുവരെ നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.

‘ ഞങ്ങളുടെ പൗരന്മാരിൽ ആരെങ്കിലും നിയമവിരുദ്ധമായി അവിടെയുണ്ടെങ്കിൽ, അവർ ഞങ്ങളുടെ പൗരന്മാരാണെന്ന് ഞങ്ങൾ ഉറപ്പുവരുത്തുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള അവരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് ഞങ്ങൾ എപ്പോഴും വഴിയൊരുക്കും,’ ജയശങ്കർ പറഞ്ഞു.

ടെക്സസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീയാഗോയിലും യു.എസ് അധികാരികൾ തടവിലാക്കിയിരിക്കുന്ന 5,000ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള വിമാനങ്ങളും പെന്റഗൺ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരുമായി വിമാനങ്ങൾ പറന്നിട്ടുണ്ട്.

കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാർഗമാണ് സൈനിക വിമാനങ്ങൾ. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്ക് പറന്ന ഒരു സൈനിക വിമാനത്തിൽ ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 4,675 ഡോളർ എങ്കിലും ചെലവായിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 

Content Highlight: US military flight deporting migrants to India, official says