വാഷിങ്ടണ്‍: അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറും ഇസ്രഈലിന്റെ നിശിത വിമര്‍ശകയുമായ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പിന്‍വലിച്ച് അമേരിക്ക.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് യു.എസ് നടപടിയെന്ന ഫെഡറല്‍ ജഡ്ജിയുടെ വിധി പുറത്തുവന്നതിന് പിന്നാലെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം നീക്കിയതായി അറിയിച്ചത്.
ആഗോള കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അല്‍ബനീസിന് പ്രധാന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനോ ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നതിനോ സാധിച്ചിരുന്നില്ല. ഈ വിധം സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതായിരുന്നു യു.എസ് ഉപരോധം.
അല്‍ബനീസിന്റെ ഭര്‍ത്താവും മകളും കഴിഞ്ഞ ഫെബ്രുവരിയില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് യു.എസ് ജില്ലാ ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചത്.
ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനുള്ള പ്രതികാര നടപടിയായാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധമെന്ന് ഹരജിയില്‍ വാദിച്ചിരുന്നു.
ഫ്രാന്‍സെസ്‌ക അല്‍ബനീസിന്റെ നിലപാടുകളോടും അഭിപ്രായങ്ങളോടുമുള്ള വിരോധം തീര്‍ക്കാനാണ് ട്രംപ് ഭരണകൂടം അവരുടെ സംസാര സ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ വിലയിരുത്തി.
‘അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും പൊതുതാത്പര്യത്തിനാണെും’ അദ്ദേഹം വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ശുപാര്‍ശ ചെയ്തതുള്‍പ്പെടെയുള്ള അല്‍ബനീസിന്റെ നടപടികള്‍ ‘പക്ഷപാതപരവും അപകടകരവുമാണ്’
എന്ന് ആരോപിച്ചായിരുന്നു ട്രംപ് ഭരണകൂടം അവര്‍ക്കെതിരെ ഉപരോധത്തിലേക്ക് നീങ്ങിയത്.
എന്നാല്‍ ‘ഐ.സി.സിയുടെ നടപടികളില്‍ അല്‍ബനീസിന്റെ ശുപാര്‍ശകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും അവ അവരുടെ അഭിപ്രായമല്ലാതെ മറ്റൊന്നുമല്ലെന്നും എന്ന് ജഡ്ജി ലിയോണ്‍ നിരീക്ഷിച്ചു.
ഈ ഉപരോധങ്ങള്‍ തന്റെ ദൗത്യത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്തതാണെന്നായിരുന്നു ആല്‍ബനീസ് നേരത്തെ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച അനുകൂല ഉത്തരവ് വന്നതിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
ഗസയ്ക്കെതിരായ ഇസ്രഈലിന്റെ വംശഹത്യ യുദ്ധത്തില്‍ യു.എസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ആമസോണ്‍ എന്നിവയുള്‍പ്പെടെ 48 കമ്പനികള്‍ പങ്കാളികളാണെന്ന് ആരോപിച്ച് അല്‍ബനീസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രഷറി വകുപ്പിന്റെ ഈ നടപടി. ഗസയില്‍ ഇസ്രഈല്‍ വംശഹത്യയാണ് നടത്തുന്നതെന്ന് അവര്‍ തുറന്നടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അല്‍ബനീസിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
അല്‍ബനീസ് ‘ലജ്ജയില്ലാത്ത യഹൂദവിരുദ്ധത വിതറി, ഭീകരതയെ പിന്തുണച്ചു, അമേരിക്കയോടും ഇസ്രഈലിനോടും പാശ്ചാത്യലോകത്തോടും തുറന്ന അവജ്ഞ പ്രകടിപ്പിച്ചു’ എന്നെല്ലാമായിരുന്നു റൂബിയോയുടെ ആരോപണം. എന്നാല്‍ ഇസ്രഈലും അമേരിക്കയും തനിക്കെതിരെ ഉന്നയിച്ച ജൂതവിരുദ്ധ ആരോപണങ്ങളെല്ലാം അല്‍ബനീസ് ശക്തമായി നിഷേധിച്ചിരുന്നു.
2022 മേയ് മാസത്തിലാണ് അല്‍ബനീസ് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായി ചുമതലയേല്‍ക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗങ്ങള്‍ നിയമിക്കുന്ന സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധരില്‍ ഒരാളാണ് അവര്‍. ഗസയിലെ ഇസ്രഈലിന്റെന്റ വംശഹത്യ യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ നിരവധി വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അല്‍ബനീസ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍, ഫലസ്തീന്‍ വക്താക്കള്‍ക്കെതിരെ എതിരെ വാഷിങ്ടണ്‍ കടുത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്.
ഈ ആഴ്ച ആദ്യം പോലും, ഗസയിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ച ഫ്‌ലോട്ടില്ലകളില്‍ പങ്കെടുത്ത നാല് സമാധാന പ്രവര്‍ത്തകര്‍ക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സംഘാടകര്‍ ‘ഹമാസിനെ പിന്തുണച്ചാണ്’ പലസ്തീന്‍ പ്രദേശത്തേക്ക് എത്തുന്നതെന്നായിരുന്നു യാതൊരു തെളിവുകളുമില്ലാതെ യു.എസ് ആരോപിച്ചത്.
ഇതിനുപുറമെ, നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും എതിരെയും വാഷിങ്ടണ്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹേഗ് ആസ്ഥാനമായുള്ള കോടതിയിലെ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍, 2024ല്‍ ഗാസയില്‍ നടത്തിയ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
Content Highlight: US lifts sanctions on Francesca Albanese, UN expert on Palestinian rights