തൊട്ടതെല്ലാം പാളി ബൈഡന്‍; സിറിയന്‍ ആക്രമണത്തിന്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍
World News
തൊട്ടതെല്ലാം പാളി ബൈഡന്‍; സിറിയന്‍ ആക്രമണത്തിന്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th February 2021, 7:59 pm

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്.

2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റിന് യുദ്ധവുമായി ബന്ധപ്പെട്ട് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗമാണ് ഈ ആക്രമണമെന്നാണ് വിമര്‍ശനമുയരുന്നത്. കോണ്‍ഗ്രസ് പ്രതിനിധികളടക്കമുള്ളവരാണ് ആക്രമണത്തിന്റെ നിയമസാധുത ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പ്രതിനിധികളായ ഇല്‍ഹാന്‍ ഒമര്‍, റോ ഖാന, മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ബേണി സാന്‍ഡേഴ്‌സ് തുടങ്ങിയവരാണ് നടപടിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. നടപടിക്രമങ്ങളിലെ പ്രശ്‌നം മാത്രമല്ല, ഇത് പ്രസിഡന്റിന്റെ അധികാരത്തിന്റെ ദുര്‍വിനിയോഗമാണെന്നും ഇവര്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് യുദ്ധത്തിന് അനുവാദം നല്‍കാത്ത ഒരു രാജ്യത്ത് ആക്രമണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്,’ എന്നാണ് ഇല്‍ഹാന്‍ ഒമര്‍ പ്രതികരിച്ചത്.

അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22 പേരാണ് സിറിയയിലെ അമേരിക്കന്‍ ആക്രമണത്തില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇറാഖിലെ യു.എസ് ട്രൂപ്പുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടായിരുന്നു അമേരിക്ക ഈ ആക്രമണം നടത്തിയത്.

‘പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണക്കുന്ന മിലിറ്റന്റ് ഗ്രൂപ്പുകള്‍ അധിവസിക്കുന്ന മേഖലയില്‍ ആക്രമണം നടത്തി. അവരുടെ ക്യാമ്പുകള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും നേരെയാണ് ആക്രമണം നടത്തിയത്,’ പെന്റഗണ്‍ പ്രതിനിധി ജോണ്‍ കിര്‍ബി പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം ഇറാഖ് നേരിട്ട് പിന്തുണക്കുന്ന ഹാഷേദ് അല്‍-ഷാബി പാരാ മിലിട്ടറി ഫോഴ്‌സിലുള്ളവരാണെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചത്.

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതുമായും ജി.പി.സി.സി.ഒ.എ ആണവ കരാറിലേക്ക് തിരിച്ചുവരുന്നതുമായും ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കേയാണ് ആക്രമണം നടത്തിയിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഷങ്ങളില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബൈഡന്റെ വരവോടെ ഇക്കാര്യങ്ങളില്‍ മാറ്റം വരുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ബൈഡന്റെ പുതിയ നടപടി ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും നടപടിയെടുക്കാത്തതില്‍ ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസ് പ്രതിനിധികളും ബൈഡനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഖഷോഗ്ജിക്ക് നീതി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി.

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: US lawmakers question legality of Biden’s air strikes in Syria