ട്രംപിന്റെ 50 % തീരുവ അവസാനിപ്പിക്കണം; പ്രമേയമവതരിപ്പിച്ച് യു.എസ് നിയമനിർമാതാക്കൾ
India
ട്രംപിന്റെ 50 % തീരുവ അവസാനിപ്പിക്കണം; പ്രമേയമവതരിപ്പിച്ച് യു.എസ് നിയമനിർമാതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 11:35 am

ന്യൂദൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 % തീരുവ അവസാനിപ്പിക്കാൻ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യു.എസ് നിയമനിർമാതാക്കൾ.

ഇത് നിയമവിരുദ്ധവും സാമ്പത്തികമായി ദോഷകരവുമാണെന്ന് നിയമനിർമാതാക്കൾ പറഞ്ഞു.

‘ഈ നടപടി നിയമവിരുദ്ധവും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും യു.എസ് – ഇന്ത്യ ബന്ധങ്ങൾക്കും ദോഷകരമാണ്,’ അവർ പറഞ്ഞു.

ബ്രസീലിനുമേൽ ചുമത്തിയ താരിഫുകൾ പിൻവലിക്കാനും അടിയന്തര അധികാരങ്ങൾ പ്രകാരം ഇറക്കുമതി തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുമുള്ള ഉഭയകക്ഷി സെനറ്റ് ശ്രമത്തെ തുടർന്നാണ് നിയമനിർമാതാക്കളുടെ നടപടി.

പ്രതിനിധികളായ ഡെബോറ റോസ്, മാർക്ക് വീസി, രാജ കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

2025 ഓഗസ്റ്റിൽ ട്രംപ് പ്രഖ്യാപിച്ച അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (ഐ .ഇ.ഇ.പി.എ) പ്രകാരം ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

ട്രംപിന്റെ ഉത്തരവ് പ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആദ്യം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. തുടർന്ന് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. അതോടെ പല ഉത്പന്നങ്ങളുടെയും തീരുവ 50 ശതമാനമായി വർധിച്ചു.

റഷ്യയിൽ നിന്നും ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിലൂടെ ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നായിരുന്നു യു.എസിന്റെ വാദം.

Content Highlight: US lawmakers introduce resolution calling for end to Trump’s 50% tariff