ദുബായ്: പശ്ചിമേഷ്യയില്‍ വീണ്ടും യു.എസ്-ഇറാന്‍ സംഘര്‍ഷം ശക്തമാവുന്നു. ഇറാനില്‍ വീണ്ടും ആക്രമണം നടത്തിയതായി യു.എസിന്റെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്റെയും സൈന്യങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഇടക്കാല ധാരണാ പത്രത്തില്‍ യു.എസും ഇറാനും ഒപ്പുവച്ച ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രക്കും വഷളാവുന്നത്.
ഇറാനില്‍ സിരിക് നഗരം, ബന്ദര്‍ എ ലെങ്കെത്, ഖെഷ്മ് ദ്വീപ് എന്നിവിടങ്ങളി ലാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേര്‍ക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് ഇറാന് നേര്‍ക്ക് ഇപ്പോള്‍ ആക്രമണങ്ങള്‍ ആരംഭിച്ചതെന്നാണ് യു.എസ് പറയുന്നത്.
യു.എസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ എട്ട് യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.
പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയില്‍ തങ്ങളുടെ നാവിക വ്യോമ സേനകള്‍ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതായി ഐ.ആര്‍.ജി.സിയുടെ പ്രസ്താവനയില്‍ പറയുന്നു. കുവൈത്തിലെ അലി അല്‍ സലേം വ്യോമതാവളം, ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖത്തിലെ സൈനിക കേന്ദ്രം എന്നിവ അടക്കം തങ്ങള്‍ ആക്രമിച്ചതായും ഐ.ആര്‍.ജിസി അവകാശപ്പെടുന്നു.
ആക്രമണങ്ങള്‍ നടന്നതിന് ബഹ്‌റൈനിന്റെയും കുവൈത്തിന്റെയും ഭാഗത്ത് നിന്നുള്ള സ്ഥിരീകരണങ്ങളും വന്നിട്ടുണ്ട്. ബഹ്‌റൈനില്‍ വ്യോമാക്രമണത്തിന്‌റെ അപായ സൈറണുകള്‍ മുടങ്ങിയിരുന്നു. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്ന് കുവൈത്ത് സൈന്യവും പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസും ഇറാനും ഇടക്കാല ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിന് പിന്നാലെ നടന്ന തുടര്‍ ചര്‍ച്ചകളില്‍ 90 ദിവസത്തിനുള്ളില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറില്‍ എത്തിച്ചേരുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ യു.എസും ഇറാനും ധാരണയിലെത്തിയതായി പാകിസ്ഥാനും ഖത്തറും അറിയിക്കുകയും ചെയ്തിരുന്നു.
ഇടക്കാല ധാരണാപത്രത്തില്‍ ഇരു കക്ഷികളും ഒപ്പവുച്ചതോടെ നാല് മാസത്തോളമായി തുടര്‍ന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എസും ഇറാനും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പുതിയ സമാധാന കരാര്‍ ലംഘിച്ചത് യു.എസ് ആണെന്ന് ഇറാനും ഇറാനാണ് ലംഘിച്ചതെന്ന് യു.എസും അവകാശപ്പെടുന്നുണ്ട്.
ശനിയാഴ്ച ഹോര്‍മുസില്‍ പാനമയുടെ കപ്പലിന് നേര്‍ക്ക് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനാലാണ് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന് ഒരു അവസരം നല്‍കിയെന്നും എന്നാല്‍ അവര്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ യു.എസ് ലംഘിക്കുകയാണെന്ന് ഐ.ആര്‍.ജി.സിയും പ്രതികരിച്ചു. ഇറാന്റെ അഞ്ച് ഔട്ട്‌പോസ്റ്റുകള്‍ യു.എസ് ആക്രമിച്ചെന്നും ഐ.ആര്‍.ജി.സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഹോര്‍മുസില്‍ ഒരു പുതിയ ഇടനാഴി സ്ഥാപിച്ച് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ യു.എസ് ശ്രമിക്കുന്നുവെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ ഇന്നലെ വീണ്ടും ബോംബാക്രമണം നടത്തി. കഴിഞ്ഞ ദിവസം ഇസ്രഈലും ലെബനനും തമ്മില്‍ പുതിയ ധാരണയിലെത്തിയതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും ലെബനനില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ഇസ്രഈലും ലെബനനുമായുള്ള പുതിയ കരാര്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് തെക്കന്‍ ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് പിറകെ ഹിസ്ബുല്ല പ്രതികരിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെക്കുന്ന കരാറാണെന്ന് ഹിസ്ബുല്ല അഭിപ്രായപ്പെട്ടു. അതേസമയം, ഇസ്രഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തടയാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം വേണമെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണ്‍ ആവശ്യപ്പെട്ടു.
Content Highlight: US launches second night of strikes on Iran; Iran strikes eight US military installations