ഗസയെ രണ്ടായി വിഭജിച്ചുള്ള പുനരധിവാസ പദ്ധതിക്ക് യു.എസ് തുടക്കമിട്ടു; റിപ്പോര്‍ട്ട്
ISREAL-PALESTINE
ഗസയെ രണ്ടായി വിഭജിച്ചുള്ള പുനരധിവാസ പദ്ധതിക്ക് യു.എസ് തുടക്കമിട്ടു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 4:16 pm

വാഷിങ്ടണ്‍: ഗസയില്‍ അമേരിക്ക താത്കാലിക വീടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ ഗസയെയും ഇസ്രഈല്‍ അധിനിവേശ കിഴക്കന്‍ ഗസയെയും വേര്‍തിരിച്ചുകൊണ്ട് വീടുകള്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദി അറ്റ്‌ലാന്റിക്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

യു.എസിന്റെ പുതിയ നീക്കം ഗസയില്‍ വിഭജനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കിഴക്ക്-പടിഞ്ഞാറന്‍ ഗസയെ വേര്‍തിരിക്കുന്ന  ‘മഞ്ഞ രേഖയ്ക്ക്’ ഇരുവശങ്ങളിലുമായി ആള്‍ട്ടര്‍നേറ്റ് സേഫ് കമ്മ്യൂണിറ്റികള്‍ നിര്‍മിക്കാനാണ് യു.എസ് പദ്ധതിയിടുന്നത്.

ഇസ്രഈലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സംഘമായ ഷിന്‍ ബെറ്റ് നടത്തുന്ന ഹമാസ് വിരുദ്ധ സുരക്ഷാ പരിശോധനകളില്‍ വിജയിക്കുന്ന ഫലസ്തീനികളെയായിരിക്കും യു.എസ് പുനരധിവസിപ്പിക്കുക.

ഗസയെ രണ്ടായി വേര്‍തിരിച്ചാല്‍ മേഖലയിലുടനീളമുള്ള സഞ്ചാരം തടസപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെറ്റില്‍മെന്റുകള്‍ക്കുള്ളില്‍ മെഡിക്കല്‍ സെന്റര്‍, സ്‌കൂള്‍, ഭരണാസൂത്രണ സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടാകും.

ഗസയിലെ വെടിനിര്‍ത്തലിന് മേല്‍നോട്ടം വഹിക്കുന്ന സിവില്‍-മിലിട്ടറി ഏകോപന കേന്ദ്രത്തിന്റെ തലവനായ യു.എസ് ലെഫ്റ്റനന്റ് ജനറല്‍ പാട്രിക് ഫ്രാങ്ക് അയച്ച മെയിലിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഏകദേശം 25,000 പേര്‍ക്ക് താത്കാലിക താമസ സൗകര്യം നല്‍കുമെന്ന് ഫ്രാങ്കിന്റെ മെയിലില്‍ പറയുന്നു.

ദി അറ്റ്‌ലാന്റിക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗസയിലെ ആദ്യത്തെ ആള്‍ട്ടര്‍നേറ്റ് സേഫ് കമ്മ്യൂണിറ്റിയുടെ മേഖലയില്‍ നിന്ന് പൊട്ടിത്തെറിക്കാത്ത ഓര്‍ഡിനന്‍സും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഒരു കരാര്‍ യു.എസ് ആസ്ഥാനമായുള്ള എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് സ്ഥാപനമായ ടെട്രാ ടെക് സൊല്യൂഷന്‍സിന് ലഭിച്ചിട്ടുണ്ട്.

യു.എസിന്റെ ഈ പദ്ധതി അറബ്-യൂറോപ്യന്‍ സര്‍ക്കാരുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഗസയുടെ പുനരധിവാസത്തിനായി യു.എസ് സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല.

പകരം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപമാണ് യു.എസ് തേടുന്നത്. കൂടാതെ ഗസയുടെ പുനര്‍നിര്‍മാണത്തിനായി ഏകദേശം 70 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.

1967 മുതല്‍ ഇസ്രഈലിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍, സര്‍ക്കാരും കുടിയേറ്റക്കാരും ചേര്‍ന്ന് ഫലസ്തീന്‍ ഭൂമിയുടെ ഒരു ഭാഗം മുഴുവനായും പിടിച്ചെടുത്തിട്ടുണ്ട്. ഇതുമൂലം ആയിരക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ ഭാവനരഹിതരായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: US launches rehabilitation plan that divides Gaza into two: report