ടെഹ്‌റാന്‍: യു.എസ്-ഇസ്രഈല്‍ മിസൈല്‍ ആക്രമണത്തില്‍ ഐ.ആര്‍.ജി.സി (റെവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സ്) വക്താവ് ജനറല്‍ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. വെള്ളിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘അമേരിക്ക-സയണിസ്റ്റ് സംഘം പുലര്‍ച്ചെ നടത്തിയ ക്രൂരവും ഭീരത്വവും നിറഞ്ഞ ഭീകരാക്രമണത്തില്‍ മുഹമ്മദ് നൈനി രക്തസാക്ഷിയായി’, ഐ.ആര്‍.ജി.സി പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ നാവികസേന പാടെ തകര്‍ക്കപ്പെട്ടുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ പരിഹസിച്ചുകൊണ്ട് കഴിഞ്ഞദിവസം നൈനി രംഗത്തെത്തിയിരുന്നു. തുടരാക്രമണങ്ങള്‍ക്കിടയിലും ഇറാന്‍ മിസൈലുകള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
‘ഇറാന്റെ നാവിക സേന തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ യു.എസ് കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് അയക്കൂ’, നൈനി വെല്ലുവിളിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
നമ്മുടെ മിസൈല്‍ വ്യവസായത്തിന് മുഴന്‍ സ്‌കോറും നല്‍കണം. അക്കാര്യത്തില്‍ ഇറാന് ഒരു ആശങ്കയുമില്ല, യുദ്ധ സാഹചര്യങ്ങളില്‍ പോലും തങ്ങള്‍ മിസൈല്‍ നിര്‍മാണം തുടരുകയാണെന്നും നൈനി പറഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനതിരായ യു.എസ്-ഇസ്രഈല്‍ സംയുക്ത സേനയുടെ കടന്നാക്രമണത്തില്‍ കൊല്ലപ്പെടുന്ന എട്ടാമത്തെ പ്രമുഖ ഇറാന്‍ ഉദ്യോഗസ്ഥനാണ് മുഹമ്മദ് നൈനി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രതിരോധ മന്ത്രി അസീസ് നസിര്‍ സാദെ, സുരക്ഷാ തലവന്‍ അലി ലാരിജാനി, ചാഫ് ഓഫ് സ്റ്റാഫ് അബ്ദുല്‍ റഹിം മൗസവി, ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പാക്പൗര്‍,പരമോന്നത നേതാവിന്റെ മുഖ്യ ഉപദേഷ്ടാവ് അലി സംഖാനി തുടങ്ങിയവരാണ് ഇതിനോടകം കൊല്ലപ്പെട്ട പ്രമുഖര്‍.
Content Highlight: US-Israeli attack; Iran says IRGC spokesman Ali Mohammad Naini killed