ഇറാനിലെ രണ്ട് ഉന്നത നേതാക്കളെ 'ഹിറ്റ് ലിസ്റ്റില്‍' നിന്ന് ഒഴിവാക്കി; യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍
World
ഇറാനിലെ രണ്ട് ഉന്നത നേതാക്കളെ 'ഹിറ്റ് ലിസ്റ്റില്‍' നിന്ന് ഒഴിവാക്കി; യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2026, 11:35 am

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കുകയാണ് അമേരിക്ക.

സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി, ഇസ്രഈലിന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍ നിന്നും രണ്ട് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിനെയും, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നാലോ അഞ്ചോ ദിവസത്തേക്ക് ടാര്‍ഗറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത സാഹചര്യത്തിലാണ് ഇതെന്നും സമാധാന ചര്‍ച്ചയുടെ ഭാഗമായി ഇവരുമായി സംവാദം സാധ്യമാക്കാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കി, പാകിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കാനും യുദ്ധം അവസാനിപ്പിക്കാനും കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും ആവശ്യങ്ങള്‍ തമ്മില്‍ വലിയ അന്തരമുള്ളതിനാല്‍ ഈ ചര്‍ച്ചകള്‍ വിജയത്തിലെത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ ഇതിനോടകം തന്നെ നിരസിച്ചിട്ടുണ്ട്. യു.എസ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നുമാണ് ഇറാന്റെ നിലപാട്.

ചര്‍ച്ചയിലേക്ക് വരാനുള്ള സമയം അവസാനിക്കുകയാണെന്നും ഇറാന്‍ ഉടന്‍ സമ്മതം മൂളിയില്ലെങ്കില്‍, രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘അവരുടെ എല്ലാ നേതൃത്വത്തെയും ഞങ്ങള്‍ കൊന്നു, പുതിയ നേതാക്കളെ തെരഞ്ഞെടുക്കാന്‍ അവര്‍ യോഗം ചേര്‍ന്നപ്പോള്‍ അവരെയും ഞങ്ങള്‍ ഇല്ലാതാക്കി. ഇപ്പോള്‍ അവിടെ ഒരു പുതിയ ഗ്രൂപ്പുണ്ട്, അവരെ നേരിടുക എന്നത് ഞങ്ങള്‍ക്ക് എളുപ്പമുള്ള കാര്യമാണ്,’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ഫെബ്രുവരി 28ന് ഏകപക്ഷീയമായി അമേരിക്കയും ഇസ്രഈലും ഇറാന് നേരെ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലിം ഖാംനഈയും സുരക്ഷാ മേധാവി അലി ലാറിജാനിയും മുന്‍ ഇന്റലിജന്‍സ് മന്ത്രി എസ്മയില്‍ ഖത്തീബും കൊല്ലപ്പെട്ടിരുന്നു.

ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെ പ്രയോഗിച്ചതിന് സമാനമായ രീതിയില്‍ ഇറാന്റെ ഉന്നത നേതാക്കളെ ഇസ്രഈല്‍ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം യു.എസിന്റെ സൈനിക ബേസുകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്.

യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും യു.എസിന്റെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നുമാണ് നിലവില്‍ ഇറാന്‍ ഭരണകൂടത്തിന്റെ നിലപാട്.

Content Highlight: US, Israel temporarily remove two Iranian officials from target list WSJ Report