യുദ്ധം ഒഴിവാക്കാന്‍ യു.എസ്-ഇറാന്‍ ഉന്നതതല ചര്‍ച്ചയ്ക്ക് ഒമാനില്‍ തുടക്കം; യു.എസ് പൗരന്മാരോട് ഇറാന്‍ വിടാനും നിര്‍ദേശം
us-iran
യുദ്ധം ഒഴിവാക്കാന്‍ യു.എസ്-ഇറാന്‍ ഉന്നതതല ചര്‍ച്ചയ്ക്ക് ഒമാനില്‍ തുടക്കം; യു.എസ് പൗരന്മാരോട് ഇറാന്‍ വിടാനും നിര്‍ദേശം
അനിത സി
Friday, 6th February 2026, 3:02 pm

മസ്‌കത്ത്: ഇറാന്‍-യു.എസ് നയതന്ത്ര ചര്‍ച്ചയ്ക്ക് ഒമാനില്‍ തുടക്കമായി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയുടെ അജണ്ട ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആണവ വിഷയത്തില്‍ ന്യായവും ഇരുകൂട്ടര്‍ക്കും തൃപ്തികരവുമായ ഒരു കരാറിലെത്താനാണ് ശ്രമമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതേസമയം, ആണവ പദ്ധതികള്‍ക്ക് പുറമെയുള്ള ആഭ്യന്തര വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ യു.എസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നതിനാല്‍ ചര്‍ച്ചയുടെ അജണ്ടയെ കുറിച്ച് വ്യക്തതയില്ല.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാന്‍ വിദേശകാര്യ മന്ത്രി സയിദ് ബദ്ര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാന്റെ സംഘത്തെ നയിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറും യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

യു.എ.ഇയില്‍ നടന്ന റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ത്രികക്ഷി ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് വിറ്റ്‌കോഫും കുഷ്‌നെറും ഒമാനിലെത്തിയിരിക്കുന്നത്. ചര്‍ച്ച പരാജയമായിരുന്നു.

അതേസമയം, വെള്ളിയാഴ്ച ഔദ്യോഗിക ചര്‍ച്ചയ്ക്ക് മുന്നോടിയായി യു.എസിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥര്‍ പരോക്ഷമായ ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനാണ് ഈ ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചത്.

ഇതിനിടെ, യു.എസ്-ഇറാന്‍ ഉന്നതതല ചര്‍ച്ച ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യു.എസ് സ്വന്തം പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു.

Content Highlight: US-Iran high-stakes talks begin in Oman; US citizens advised to leave Iran

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.