Trending
സമാധാന ചര്‍ച്ച തുടരുന്നതിനിടെ തെക്കന്‍ ഇറാനില്‍ യു.എസ് ആക്രമണം
ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ മിസൈല്‍ വിക്ഷേപണ കേന്ദ്രവും മൈനുകള്‍ വിന്യസിക്കാനുപയോഗിക്കുന്ന ബോട്ടുകളും ആക്രമിച്ച് തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം). സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ സെന്റ്‌കോം അവകാശപ്പെട്ടു. ‘ഇറാന്‍ സൈന്യമുയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കാനാണ്’ ആക്രമണം നടത്തിയതെന്ന് സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ സ്‌ഫോടനമുണ്ടായതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ദര്‍ അബ്ബാസില്‍ മൂന്ന് സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബന്ദര്‍ അബ്ബാസില്‍ ഒരു മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന് നേര്‍ക്ക് യു.എസ് വ്യോമാക്രമണം നടത്തിയെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ ഇറാന്‍ ലക്ഷ്യം വച്ചതിനെത്തുടര്‍ന്നാണ് ആക്രമണമെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
ഈ ആക്രമണം പ്രതിരോധ സ്വഭാവത്തിലുള്ളതാണെന്നും നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇത് കാരണം അവസാനിക്കില്ലെന്നും യു.എസ് ഉന്നത തലങ്ങളിലുള്ളവരെ അധികരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ വ്യോമ പ്രതിരോധ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇടത്താണ് ആക്രമണം. ഈ മേഖലയിലൂടെ പറക്കുന്ന യു.എസ് വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ദര്‍ അബ്ബാസിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇറാനിലെ മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ കിഴക്കന്‍ മേഖലയിലാണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും മെഹ്ര്‍ ഏജന്‍സി പറയുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സിരിക്, ജാസ്‌ക് പട്ടണങ്ങളില്‍ നിന്നും സ്‌ഫോടനത്തിന് സമാനമായ ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇറാന്റെ ഒരു പ്രതിനിധി സംഘം ഖത്തറിലെത്തിയിട്ടുണ്ട്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ്, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുല്‍നാസര്‍ ഹെമ്മതി എന്നിവരാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമോ എന്നതില്‍ നിലവില്‍ വ്യക്തതയില്ല. കരാര്‍ പെട്ടെന്നുണ്ടാവുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കരാറിലേക്ക് ഉടന്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പിന്നീട് പുറത്തുവന്നു.
നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ കരാറിന്റെ അന്തിമ ഘട്ടത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. ഒരു നല്ല വാര്‍ത്ത ഉടനുണ്ടാവുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ട്രംപ് പറഞ്ഞത് ഇറാനുമായുള്ള കരാര്‍ അര്‍ത്ഥവത്തായത് ആയിരിക്കണമെന്നും അല്ലെങ്കിലുള്ള വഴി ഒരു കരാറുമില്ലാതിരിക്കലാണെന്നുമാണ്.
യു.എസുമായുള്ള ചര്‍ച്ചകളില്‍ ഭൂരിഭാഗം വിഷയങ്ങളിലും ധാരണയിലെത്താന്‍ ഇരു പക്ഷത്തിനും കഴിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മഈല്‍ ബഗേയ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരു കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: US -Iran: Attack on Southern Iran