ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക
World News
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2025, 6:37 am

ടെഹ്‌റാന്‍: ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക. ഇറാനിലെ ഒന്നിലധികം ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.

അമേരിക്ക നേരിട്ട് ഇറാനില്‍ ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്നാണ് വിവരം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി പറഞ്ഞത്.

നിലവില്‍ യു.എസിന്റെ യുദ്ധവിമാനങ്ങളെല്ലാം ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങുമെന്നും ഫോര്‍ഡോയില്‍ വലിയ ആക്രമണമാണ് നടത്തിയതെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് മറ്റൊരു സൈന്യത്തിനും ഇറാനെ ഇങ്ങനെ ആക്രമിക്കാന്‍ കഴിയില്ലെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നും പറഞ്ഞ ട്രംപ് ഈ വിഷയത്തില്‍ ശ്രദ്ധ നല്‍കിയവര്‍ക്ക് നന്ദിയെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പല കേന്ദ്രങ്ങളും ഇസ്രഈല്‍ ആക്രമിച്ചുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ യുറേനിയവും സെന്‍ട്രിഫ്യൂജും ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫോര്‍ദോ ഇസ്രഈലിന് ആക്രമിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇറാന്റെ പ്രധാന കേന്ദ്രമായ ഫോര്‍ദോയിലേക്കുള്ള ആക്രമണം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ ആക്രമങ്ങള്‍ക്ക് പിന്നാലെ ഇസ്രഈല്‍ ഇറാനിലേക്ക് ആക്രമണം തുടരുന്നതായാണ് വിവരം.

ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്ന കാര്യം രണ്ടാഴ്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ട്രംപ് ഇറാനെ ആക്രമിക്കാനുള്ള നീക്കം നടത്തിയത്. സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍ മിഡില്‍ ഈസ്റ്റ് അസ്ഥിരമാകുമെന്ന് റഷ്യയും ചെങ്കടലിലെ യു.എസ് കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂത്തികളും പറഞ്ഞിരുന്നു.

Content Highlight: US intervention in Israel-Iran conflict; America attacks Iran’s nuclear facilities