വിസയ്ക്ക് അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സാക്ഷ്യപ്പെടുത്തണം; ഇന്ത്യയിലെ യു.എസ് എംബസി
national news
വിസയ്ക്ക് അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സാക്ഷ്യപ്പെടുത്തണം; ഇന്ത്യയിലെ യു.എസ് എംബസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2025, 2:43 pm

ന്യൂദല്‍ഹി: വിസ ലഭിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യു.എസ് എംബസി. DS-160 ഫോമില്‍ വെളിപ്പെടുത്തണമെന്നും അല്ലെങ്കില്‍ വിസ നിഷേധിക്കുന്നതിന് കാരണമാകുമെന്ന് എംബസി അറിയിച്ചു.

‘വിസ അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവര്‍ ഉപയോഗിച്ച എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്തൃനാമങ്ങളോ ഓരോ പ്ലാറ്റ്ഫോമിലെയും ഹാന്‍ഡിലുകളോ DS-160 വിസ അപേക്ഷാ ഫോമില്‍ പട്ടികപ്പെടുത്തേണ്ടതുണ്ട്. ഒപ്പിടുന്നതിനും സമര്‍പ്പിക്കുന്നതിനും മുമ്പ് അപേക്ഷകര്‍ അവരുടെ വിസ അപേക്ഷയിലെ വിവരങ്ങള്‍ സത്യവും ശരിയുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു,’ എംബസി എക്‌സില്‍ കുറിച്ചു.

സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമഗ്രത ഉറപ്പാക്കുന്നതിനുമാണ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതെന്നും അല്ലാത്ത പക്ഷം
വിസ നിഷേധിക്കുന്നതിനും ഭാവിയിലെ വിസകള്‍ അയോഗ്യമാക്കുന്നതിനും കാരണമാകുമെന്നും എംബസി അറിയിച്ചു.

അപേക്ഷകര്‍ ഈ കാലയളവില്‍ ഉപയോഗിച്ച എല്ലാ പ്ലാറ്റ്ഫോമുകളുടെയും ലിസ്റ്റ് നല്‍കണമെന്നും കൂടാതെ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അവരുടെ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സത്യമാണെന്നും സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നുണ്ട്.

നേരത്തെയും വിഷയത്തില്‍ എംബസി അറിയിപ്പ് പുറത്തിറക്കിയിരുന്നു. പശ്ചാത്തല പരിശോധനയ്ക്കായി എല്ലാ വിദ്യാര്‍ത്ഥി വിസ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കാന്‍ യു.എസ് എംബസി ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള എല്ലാ കോണ്‍സുലേറ്റുകളോടും പുതിയ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങളും എക്‌സ്‌ചേഞ്ച് വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകളും നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

Content Highlight: US Embassy in India requires five-year social media accounts to be verified for visa