ട്രംപിന് വീണ്ടും തിരിച്ചടി; 'യു.എസ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടും നഷ്ടം വന്നിട്ടില്ല, അട്ടിമറി നടന്നിട്ടുമില്ല'; മറുപടിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
international
ട്രംപിന് വീണ്ടും തിരിച്ചടി; 'യു.എസ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടും നഷ്ടം വന്നിട്ടില്ല, അട്ടിമറി നടന്നിട്ടുമില്ല'; മറുപടിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 9:39 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ തള്ളി മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നതിനോ വോട്ടിംഗ് സിസ്റ്റത്തില്‍ അഴിമതി നടന്നുവെന്നതിനോ ഒരു തെളിവുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ട പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപും റിപ്പബ്ലിക്കന്‍സും തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതയായി തെളിവില്ല,’ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നിരവധി വ്യാജ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും അതില്‍ കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

‘ ഈ തെരഞ്ഞെടുപ്പ് നടന്നതുമായി ബന്ധപ്പെട്ട് നിരവധി തെളിയിക്കപ്പെടാത്ത കാര്യങ്ങളും തെറ്റായ വിവരങ്ങളും പടരുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരാന്‍ കഴിയും. ഞങ്ങള്‍ക്ക് അതില്‍ പൂര്‍ണ ആത്മവിശ്വാസവുമുണ്ട്,’ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോര്‍ഡിനേറ്റിംഗ് കൗണ്‍സിലാണ് പ്രസ്താവന പുറത്ത് വിട്ടത്. പ്രസ്താവനയില്‍ സ്റ്റേറ്റ് ഇലക്ഷന്‍ ഡയറക്ടര്‍മാരുടെ ദേശീയ അസോസിയേഷന്‍ തലവന്മാര്‍, നാഷണല്‍ അസോസിയേഷന്റെ സ്‌റ്റേറ്റ് സെക്രട്ടറിമാര്‍, യു.എസ് തെരഞ്ഞെടുപ്പ് അസിസ്റ്റന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US election officials claims that No evidence of lost, deleted or changed votes in U.S election