ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസിന്റെ വാദം തള്ളി കേന്ദ്രം. വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നതിന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസിന്റെ വാദം തള്ളി കേന്ദ്രം. വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നതിന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിന്റെ അവകാശവാദങ്ങളില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും വ്യാപാര കരാറോ താരിഫുകളോ ആ ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡി.ജി.എം.ഒകള്‍ നേരിട്ട് ബന്ധപ്പെട്ടാണ് വെടിനിര്‍ത്തല്‍ തീരുമാനിച്ചതെന്നും വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ യു.എസിന്റെ പുതിയ താരിഫുകള്‍ നിര്‍ണായകമായതായി യു.എസ് ഭരണകൂടം കോടതിയില്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പരാമര്‍ശം. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ യുദ്ധം ഒഴിവാക്കുന്നതിനായി യു.എസുമായി വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അപ്രകാരമാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്നും ഭരണകൂടം സത്യവാങ്മൂലത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്രകാരം തന്റെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് വിദേശനയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ട്രംപിന് സാധിച്ചതായാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ഡബ്ല്യു. ലുട്‌നിക് സത്യവാങ്മൂലത്തില്‍ വാദിച്ചത്.
’13 ദിവസം മുമ്പ് യുദ്ധത്തിനായി പുറപ്പെട്ടിരുന്ന രണ്ട് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും 2025 മെയ് 10ന് വെടിനിര്‍ത്തലില്‍ എത്തി. പ്രസിഡന്റ് ട്രംപ് ഇടപെട്ട് യുദ്ധം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും അമേരിക്കയുമായി വ്യാപാര പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഈ വെടിനിര്‍ത്തല്‍ സാധ്യമായത്,’ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്ത്യക്ക് പുറമെ ട്രംപിന്റെ താരിഫ് തന്ത്രം ചൈനയെ വ്യാപാര ചര്‍ച്ചകളിലേക്ക് തയ്യാറാക്കിയെന്നും യു.എസ് വാദിക്കുന്നുണ്ട്. ട്രംപിന്റെ താരിഫ് നയത്തിനെതിരെ വിവിധ കക്ഷികള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യു.എസ് ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ പരാമര്‍ശിച്ചത്.
Content Highlight: US did not interfere in India-Pakistan ceasefire; Centre rejects US administration’s affidavit