ഹർജിത് കൗർ ഉൾപ്പെടെ യു.എസ് തിരിച്ചയച്ചത് 2417 ഇന്ത്യക്കാരെ: വിദേശകാര്യ മന്ത്രാലയം
India
ഹർജിത് കൗർ ഉൾപ്പെടെ യു.എസ് തിരിച്ചയച്ചത് 2417 ഇന്ത്യക്കാരെ: വിദേശകാര്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 9:08 pm

ന്യൂദൽഹി: ജനുവരി മുതൽ 2417 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. 30 വർഷമായി യു.എസിലുള്ള 73 കാരിയായ ഹർജിത് കൗർ എന്ന സിഖ്‌വംശജയെ അമേരിക്കൻ ഉദ്യോഗസ്ഥർ നാടുകടത്തിയതിനു പിന്നാലെയാണ് വിഷയം വീണ്ടും ഉയർന്നു വന്നത്.

‘2025 ജനുവരി മുതൽ 2417 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്നും നാടുകടത്തുകയോ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യ നിയമപരമായ കുടിയേറ്റത്തിനെ പ്രോത്സാഹിപ്പിക്കുന്നു. നിയമ വിരുദ്ധ കുടിയേറ്റത്തിനെതിരെ ഇന്ത്യ ഉറച്ചു നിൽക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ശരിയായ രേഖകളില്ലാതെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ കണ്ടെത്തി അവരുടെ പൗരത്വം പരിശോധിച്ചുറപ്പിക്കുകയും തിരിച്ചുവരവിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.

‘നിയമപരമായ പദവിയില്ലാത്ത വ്യക്തികളെ കണ്ടെത്തി അവർ ഒരു ഇന്ത്യൻ പൗരനാണെങ്കിൽ പശ്ചാത്തല പരിശോധനകൾ നടത്തുകയും, പൗരത്വം സ്ഥിരീകരിക്കുകയും, തുടർന്ന് അവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അമേരിക്കയിൽ നിന്നുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട രീതി,’ അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ശൃംഖലകളെ നേരിടാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുണ്ടെന്നും ബോധവൽക്കരണ കാമ്പയിനുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന 73കാരിയായ സിഖ് വംശജയായ ഹര്‍ജിത് കൗറിനെ സെപ്റ്റംബർ 8 നാണ് ഐ.സി.ഇ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെയോ കുടുംബത്തെയോ അറിയിക്കാതെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവം യു.എസില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേ മേഖലയിലാണ് കൗര്‍ താമസിച്ചിരുന്നത്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി യു.എസില്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് വരാന്‍ കൗറിന് ഐ.സി.ഇയുടെ നിര്‍ദേശം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 73കാരിയെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയുടെ കാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൗറിന്റെ കുടുബം പ്രതിഷേധിച്ചിരുന്നു. കൗറിന്റെ ആരോഗ്യനിലയിലും കുടുംബം ആശങ്ക അറിയിച്ചിരുന്നു. തൈറോയ്ഡ് രോഗം, മൈഗ്രെയ്ന്‍, മറ്റു ശാരീരിക അസ്വസ്ഥകളെല്ലാം അലട്ടുന്ന വ്യക്തിയാണ് കൗറെന്നും കുടുംബം യു.എസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സെപ്റ്റംബർ 19 ന് കൗറിനെ ജോർജിയയിലേക്ക് മാറ്റുകയും 22 ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. 1992ലാണ് കൗര്‍ തന്റെ രണ്ട് ആണ്മക്കളുമായി ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറുന്നത്. കൗര്‍ 20 വര്‍ഷത്തിലേറെ യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക ഇന്ത്യന്‍ ടെക്സ്റ്റയില്‍സിലെ ജീവനക്കാരിയായിരുന്നുവെന്നും വിവരമുണ്ട്.

Content Highlight: US deports 2417 people including Harjit Kaur; Ministry of External Affairs