മസാച്ചുസെറ്റ്‌സ്: യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഫലസ്തീന്‍ വിരുദ്ധ നടപടികളെ വിമര്‍ശിച്ച് യു.എസ് കോടതി. ഫലസ്തീനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ പൗരന്മാരല്ലാത്തവരെ തടവില്‍ വെയ്ക്കുന്നതും നാടുകടത്തുന്നതും ഭരണഘടനാ വിരുദ്ധവും ഒന്നാം ഭേദഗതി നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണെന്ന് ബോസ്റ്റണ്‍ ജില്ലാ കോടതി ജഡ്ജ് വില്യം യങ് പറഞ്ഞു.
ഫലസ്തീനെ പിന്തുണക്കുന്നതിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായി ആളുകളെ നാടുകടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിനെതിരെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് (എ.എ.യു.പി) നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമും സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഫലസ്തീന്‍ അനുകൂലികളെ നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന് ജഡ്ജ് വിമര്‍ശിച്ചു.

Pro-Palestine march in DC
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുള്ള അവകാശ നിഷേധമാണിതെന്നും കോടതി നിരീക്ഷിച്ചു. 161 പേജുള്ള ഉത്തരവിലൂടെയാണ് ജഡ്ജ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചത്.
ഈ ഹരജി ജില്ലാ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ജഡ്ജ് യങ് പറഞ്ഞു. ‘നിയമപരമായി അമേരിക്കയില്‍ താമസിക്കുന്ന പൗരന്മാരല്ലാത്തവര്‍ക്ക്, മറ്റ് യു.എസ് പൗരന്മാരെ പോലെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യത്തിന് ഭരണഘടനാപരമായി തന്നെ അവര്‍ക്ക് അവകാശമുണ്ട് എന്ന ഉത്തരമാണ് കോടതിക്ക് നല്‍കാനുള്ളത്’,ജഡ്ജ് യങ് പറഞ്ഞു.
അതേസമയം, ട്രംപിനെയും ജഡ്ജ് വിമര്‍ശിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, മര്യാദകള്‍, ആചാരങ്ങള്‍ ഉള്‍പ്പെടെ എല്ലാം അവഗണിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ജഡ്ജ് യങ് വിമര്‍ശിച്ചു. എല്ലാം മനസില്‍ സൂക്ഷിച്ചുവെച്ച് പ്രതികാരനടപടികള്‍ എടുക്കുകയാണ് ട്രംപെന്നും ജഡ്ജ് കുറ്റപ്പെടുത്തി.



