വാഷിങ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് ഏകപക്ഷീയമായ അനുവാദമില്ലെന്ന് യു.എസ് ഫെഡറല്‍ കോടതി. ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ന്യൂയോര്‍ക്കിലെ വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണലിന്റെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ ട്രംപിന്റെ അധിക താരിഫ് നിര്‍ത്തലാക്കണമെന്നും കോടതി ഉത്തരവിട്ടു.
നൂറിലധികം രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ പകരച്ചുങ്കം നിയമപരമല്ലെന്നും ഇത് അധികാരദുര്‍വിനിയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്റനാഷണല്‍ എമര്‍ജന്‍സി എക്കണോമിക്കല്‍ പവര്‍സ് ആക്ട് പ്രകാരമാണ് ട്രംപ് ഭരണകൂടം പകരച്ചുങ്കം ചുമത്തിയത്. അത്തരമൊരു അടിയന്തര സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഈ നിയമം പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
താരിഫ് ചുമത്താനുള്ള അധികാരം ഉള്ളത് യു.എസ് കോണ്‍ഗ്രസിനും സെനറ്റിനും മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് അംഗങ്ങള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സ്‌മോള്‍ ബിസിനസ് ഗ്രൂപ്പും ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ അമിത താരിഫ് രാജ്യത്തെ സാധാരണക്കാരനെ മുതല്‍ കോര്‍പ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് യു.എസ് നീതി ന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുള്ളത് കൊണ്ടാണ് പ്രസിഡന്റ് തീരുവ നടപടികള്‍ പ്രഖ്യാപിച്ചതെന്നും ഇത് സാമ്പത്തിക അനിവാര്യതയാണെന്നും ഇത് തടയാന്‍ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് ഒരു അധികാരവുമില്ലെന്നും വൈറ്റ് ഹൗസ് ഉത്തരവിനോട് പ്രതികരിച്ചു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരുന്നു ഈ നിരക്ക്. ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ താരിഫുകള്‍ പ്രഖ്യാപിച്ചതിനുശേഷം ആഗോള വിപണികളില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വ്യാപാര ചര്‍ച്ചകളില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്ക് 90 ദിവസത്തേക്ക് താരിഫ് നടപ്പിലാക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു.
Content Highlight: US court blocks Trump’s tariffs, says president does not have unilateral authority to impose tariffs