ഇസ്രഈലിൽ വ്യോമതാവളങ്ങളും ആയുധപ്പുരകളും നിർമിക്കാനൊരുങ്ങി അമേരിക്ക
Trending
ഇസ്രഈലിൽ വ്യോമതാവളങ്ങളും ആയുധപ്പുരകളും നിർമിക്കാനൊരുങ്ങി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 9:08 am

ടെൽ അവീവ്: ഇസ്രഈലിനുള്ള യു.എസ് സൈനിക പിന്തുണയുടെ ഭാഗമായി ഇസ്രഈലിൽ വ്യോമതാവളങ്ങളും ആയുധപ്പുരകളും നിർമിക്കാനൊരുങ്ങി അമേരിക്ക. ഇസ്രഈലി വിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കുന്നതിനായി വ്യോമ താവളങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളുമുള്‍പ്പെടെ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ 250 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭാവിയിൽ വരാനിരിക്കുന്ന പദ്ധതികളുടെ ചെലവ് ഒരു ബില്യണ്‍ ഡോളറിന് മുകളിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. പദ്ധതിയുടെ കോൺട്രാക്ട് ഏറ്റെടുക്കാൻ വിവിധ കോൺട്രാക്ടർമാരിൽ നിന്നുള്ള ക്ഷണം ജൂണിൽ നടത്തേണ്ടതായിരുന്നു. എന്നാൽ ഇസ്രഈൽ-ഇറാൻ സംഘർഷം കാരണം അത് മാറ്റിവെക്കുകയായിരുന്നെന്ന് ഇസ്രഈൽ വാർത്താ ഏജൻസിയായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

ഇസ്രഈലി സൈനിക താവളങ്ങൾക്കായുള്ള കോൺക്രീറ്റ് ഘടനകൾ നിർമിക്കാനും, വെടിമരുന്ന് ഡിപ്പോകളും വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും നിർമിക്കാൻ യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്‌സ് കരാറുകാരെയാണ് ഉപയോഗിക്കുന്നത്. വ്യോമതാവളങ്ങളിൽ ഉൾപ്പെടെയുള്ള കെട്ടിട അറ്റകുറ്റപ്പണികൾ നടത്താൻ യു.എസ് കരാറുകാരെ അന്വേഷിക്കുന്നുണ്ടെന്നും ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

വരും വർഷങ്ങളിൽ ഇസ്രഈലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബോയിങ് കെസി-46 ടാങ്കറുകൾക്കുള്ള ഹാംഗറുകൾ, അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള മുറികൾ, സംഭരണ ​​സൗകര്യങ്ങൾ എന്നിവ നിർമിക്കാൻ മാത്രം 100 മില്യൺ ഡോളറിലധികം ചിലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

CH-53K ഹെലികോപ്റ്ററുകൾക്കായിട്ടുള്ള മറ്റൊരു പദ്ധതിക്ക് 250 മില്യൺ ഡോളർ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 100 മില്യൺ ഡോളർ വരെ ചെലവ് പ്രതീക്ഷിക്കുന്ന വെടിമരുന്ന് സംഭരണ ​​കെട്ടിടങ്ങളുടെ നിർമാണത്തിനും അമേരിക്ക ടെൻഡറുകൾ തേടുന്നുണ്ട്.

ഇസ്രഈലി പ്രതിരോധ മന്ത്രാലയത്തിനായി വെളിപ്പെടുത്താത്ത പല കേന്ദ്രങ്ങളിലും അറ്റകുറ്റപ്പണികൾ, നിർമാണം, പൊളിക്കൽ, അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകൾ എന്നിവയും അമേരിക്ക നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിദേശ സൈനിക ധനസഹായം ഉപയോഗിച്ചാണ് പദ്ധതികൾ നടത്തുന്നത്. ഇസ്രഈലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം ലഭിക്കുന്നുണ്ട്. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യാക്രമണത്തിന് ശേഷം, ഏകദേശം 18 ബില്യൺ ഡോളറിന്റെ സൈനിക സഹായം ഇസ്രഈലിന് ലഭിച്ചിട്ടുണ്ടെന്ന് ഇസ്രഈലി മാധ്യമങ്ങൾ പറയുന്നു.

ഇതിന് മുമ്പും ഇസ്രഈലിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും യു.എസ് സൈനിക സഹായം നൽകിയിട്ടുണ്ട്. മുൻ പൊതു ടെൻഡർ രേഖകൾ കാണിക്കുന്നത് 2012ൽ നെവാറ്റിം വ്യോമതാവളത്തിൽ യു.എസ് വലിയ തോതിലുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നാണ്.

911 എന്ന് പേരിട്ട ഒരു രഹസ്യ സമുച്ചയത്തിന്റെ നിർമാണത്തിൽ യു.എസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

 

 

Content Highlight: US building air bases and ammunition warehouses in Israel