ദക്ഷിണാഫ്രിക്കയിലെ ജി20 ഉച്ചകോടി അമേരിക്ക ബഹിഷ്കരിച്ചത് ശരിയായില്ല; വിമർശിച്ച് ജർമൻ ചാൻസലർ
Trending
ദക്ഷിണാഫ്രിക്കയിലെ ജി20 ഉച്ചകോടി അമേരിക്ക ബഹിഷ്കരിച്ചത് ശരിയായില്ല; വിമർശിച്ച് ജർമൻ ചാൻസലർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 4:58 pm

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടി ബഹിഷ്കരിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് ജർമൻ ചാൻസലർ ഫെഡറിക് മെർസ്.

അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായ തീരുമാനമല്ലെന്നും പക്ഷേ അത് അമേരിക്കൻ സർക്കാർ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഫെഡറിക് മെർസ് പറഞ്ഞു.

ലോകം ഒരു പുനക്രമീകരണത്തിന് വിധേയമാകുന്നതും ഇവിടെ പുതിയ ബന്ധങ്ങൾ രൂപപ്പെടുന്നതും കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ പ്രസിഡന്റ് സ്ഥാനം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ യു.എസിന് കൈമാറിയിരുന്നു.

ഉച്ചകോടിയിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും അമേരിക്കയെക്കുറിച്ച് പരാമർശിക്കപ്പെടുക മാത്രമാണ് ചെയ്തതെന്നും മെർസ് പറഞ്ഞു.

വെളുത്ത വംശജരായ ആഫ്രിക്കൻ പൗരന്മാരോടുള്ള ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഉച്ചകോടിയിൽ യു.എസ് പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഉക്രൈൻ സമാധാനത്തിനായുള്ള യു.എസിന്റെ പദ്ധതിയിലെ ചില ഭാഗങ്ങളോടും ജർമൻ ചാൻസലർ എതിർപ്പ് പ്രകടിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കാൻ വൻ ശക്തികളായ രാജ്യങ്ങൾ ഇടപെട്ടുവെന്ന് കരുതി യുദ്ധം അവസാനിക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ യുദ്ധത്തിൽ ഉക്രൈൻ പരാജയപെടുകയാണെങ്കിൽ അത് യൂറോപ്യൻ രാഷ്ട്രീയത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് തങ്ങൾ ഈ വിഷയത്തിൽ ഇത്രയധികം പ്രതിജ്ഞാബദ്ധരാകുന്നതെന്നും ഫെഡറിക് മെർസ് വ്യക്തമാക്കി.

Content Highlight: US boycott of G20 summit in South Africa was wrong; German Chancellor criticizes