ഇറാന്റെ എണ്ണടാങ്കറിനെയും കപ്പലിനെയും ആക്രമിച്ച് അമേരിക്ക; തിരിച്ചടിച്ചെന്ന് ഐ.ആര്‍.ജി.സി
Trending
ഇറാന്റെ എണ്ണടാങ്കറിനെയും കപ്പലിനെയും ആക്രമിച്ച് അമേരിക്ക; തിരിച്ചടിച്ചെന്ന് ഐ.ആര്‍.ജി.സി
ശ്രീരാഗ് പാറക്കല്‍
Friday, 8th May 2026, 9:15 am

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ എണ്ണടാങ്കറിനുനേരെയും ഫുജൈറ തുറമുഖത്തിനടുള്ള കപ്പലിനെതിരെയും അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ ബന്ദര്‍ ഖമീര്‍, സിരിക്, ഖേഷ്വം ദ്വീപ് എന്നിവിടങ്ങളിലെ സിവിലിയന്‍ പ്രദേശങ്ങളിലും യു.എസ് വ്യോമാക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ തുടരവെയാണ് അമേരിക്കയുടെ ആക്രമണമെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഉടനടി തിരിച്ചടി നല്‍കിയതായും ഇറാന്‍ സൈന്യം അറിയിച്ചു.

‘അമേരിക്കന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്റെ എണ്ണക്കപ്പലിനെ ലക്ഷ്യം വെച്ചു, ഇറാന്റെ തിരിച്ചടിയില്‍ യു.എസ് കപ്പലുകള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്’. ഇറാന്‍ സൈന്യം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനുള്ള മറുപടിയായി വിവിധ തരം ബാലിസ്റ്റിക്, ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളും അതിശക്തമായ സ്‌ഫോടകശേഷിയുള്ള ഡ്രോണുകളും ഉപയോഗിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) നേവി അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങളെ തടഞ്ഞതായും സ്വയം പ്രതിരോധത്തിനായി തിരിച്ചടിച്ചതായും യു.എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

അതേസമയം വെടിനിര്‍ത്തല്‍ തുടരുമ്പോഴും ഇറാന്‍ തങ്ങളെ നിസാരമായി കണ്ടെന്നും അതിന്റ ഫലം ഇറാന്‍ അനുഭവിച്ചെന്നും യു.എസ് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനിടയിലാണ് മേഖലയില്‍ വീണ്ടും ആക്രമണങ്ങള്‍ തുടരുന്നത്.

Content Highlight: US attacks Iranian oil tanker and ship

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ