ടെഹ്‌റാന്‍: തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി യു.എസ് ബോധപൂര്‍വം ഇറാന്‍ നിര്‍മിത ഡ്രോണായ ഷാഹെദ്-136 ന്റെ മാതൃകയിലുള്ള വ്യാജ ഡ്രോണുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യയില്‍ ആക്രമണം നടത്തുകയാണെന്ന് ഇറാന്റെ ആരോപണം.
മേഖലയില്‍ തെറ്റിദ്ധാരണ പരത്താനായി ഇറാന്റെ ഡ്രോണുകളുടെ വ്യാജ നിര്‍മിതികള്‍ ഉപയോഗിച്ച് യു.എസ് ഫാള്‍സ്-ഫ്‌ളാഗ് ആക്രമണങ്ങള്‍ നടത്തുകയാണെന്നും ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് ആരോപിച്ചു.
ഷാഹെദ്-136 ഡ്രോണിന്റെ പകര്‍പ്പായ ‘ലൂകാസ്’ പശ്ചിമേഷ്യയിലാകെ വിന്യസിച്ചതായും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
സൈപ്രസിലെ റോയല്‍ എയര്‍ഫോഴ്‌സ് ബേസില്‍ ആക്രമണം നടത്തിയ ഷാഹെദ് മോഡല്‍ ഡ്രോണ്‍ ഇറാനില്‍ നിന്നുള്ളതല്ലെന്ന് യു.കെ നടത്തിയ പ്രസ്താവനയും വ്യാജ ആക്രമണങ്ങള്‍ക്ക് ഉദാഹരണായി ഇറാന്‍ ചൂണ്ടിക്കാണിച്ചു.
യു.എസ് സൈനിക തിരിച്ചടികള്‍ നേരിടുന്നതിലും സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്ലും പരാജയപ്പെട്ടതോടെ ഇറാനെതിരെ വഞ്ചന ആയുധമാക്കുകയാണ്. ഇറാന്റെ പ്രതിരോധിക്കാനുള്ള അവകാശത്തിന്റെ നിയമസാധുതയെ ദുര്‍ബലപ്പെടുത്താനാണ് ഈ നീക്കം.
ഇറാനെതിരെ സംശയം ഉയര്‍ത്തുകയും കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാക്കുകയും ചെയ്യുകയാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ ആരോപിച്ചതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലേക്ക് അടുത്തദിവസങ്ങളിലായി നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ സംശയാസ്പദമാണെന്നും പ്രസ്താവന പറയുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് ശത്രു രാഷ്ട്രങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ആരോപിക്കുകയാണെന്നും വക്താവ് വിശദീകരിച്ചു.
ഇറാന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി അച്ചടക്കം പുലര്‍ത്തുന്നതാണ്. വ്യക്തമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നുമുണ്ട്. അമേരിക്കയ്ക്കും സയണിസ്റ്റ് ഭരണകൂടത്തിനും എതിരായ സൈനിക ലക്ഷ്യങ്ങള്‍ മാത്രമാണ് ഇറാന്‍ സൈന്യത്തിനുമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
യു.എസ്-ഇസ്രഈല്‍ സൈനിക കേന്ദ്രങ്ങള്‍, താത്പര്യങ്ങള്‍ എന്നിവയെ മാത്രമെ ഇറാന്‍ ലക്ഷ്യമിടുന്നുള്ളൂ. ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് സൈന്യം ലക്ഷ്യമിടുന്ന ഏതൊരു സ്ഥലത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുമെന്നും വക്താവ് വിശദീകരിച്ചു.
ഒമാനിലെ ദുഖം, സലാല തുറമുഖങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഇത്തരത്തിലുള്ള ഫാള്‍സ്-ഫ്‌ളാഗ് ആക്രമണങ്ങളായിരുന്നെന്നും ഒമാന്‍ പ്രദേശത്തിനോ തുറമുഖങ്ങള്‍ക്കോ നേരെ സൈനിക ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്നും ഇറാന്‍ സായുധസേന ജനറലും വിശദീകരിച്ചു.
ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം ആരംഭിച്ചതോടെയാണ് ഇറാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തിയത്.
പശ്ചിമേഷ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഇറാന്‍ തുടര്‍ച്ചയായി നിഷേധിച്ചിരുന്നു.
Content Highlight: US attacks in the Middle East using copies of Shahed drone; Iran says it is spreading misunderstanding