ഇറാനില്‍ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്കയുടെ ആക്രമണം; മൃഗീയവും ഭീരുത്വവുമെന്ന് ഇറാന്‍
World News
ഇറാനില്‍ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്കയുടെ ആക്രമണം; മൃഗീയവും ഭീരുത്വവുമെന്ന് ഇറാന്‍
ആദർശ് എം.കെ.
Thursday, 16th July 2026, 8:50 pm

ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ കുട്ടികളുടെ പ്രത്യേക കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ഇറാന്‍ ഭരണകൂടം ശക്തമായി അപലപിച്ചു.

ബുധനാഴ്ച രാത്രിയാണ് ഷഹീദ് ബാഗേയ് ആശുപത്രിക്ക് തൊട്ടടുത്തുള്ള പ്രദേശത്ത് യു.എസ് മിസൈലുകള്‍ പതിച്ചത്. വലിയ സ്‌ഫോടനങ്ങളോടെയുണ്ടായ ഈ ആക്രമണം മേഖലയില്‍ കനത്ത ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

ആശുപത്രിക്ക് സമീപമുണ്ടായ അതിശക്തമായ സ്‌ഫോടനങ്ങളുടെ ആഘാതത്തെത്തുടര്‍ന്ന്, കീമോതെറാപ്പിക്ക് വിധേയരായിക്കൊണ്ടിരുന്ന 211 കുട്ടികളെയാണ് അവിടെനിന്നും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നത്.

കൈകളില്‍ ഐ.വി (IV) കുത്തിവെച്ച നിലയിലും വീല്‍ചെയറുകളിലുമാണ് ഈ കുട്ടികളെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഇത് കുട്ടികളില്‍ വലിയ തോതിലുള്ള മാനസിക ആഘാതത്തിന് കാരണമായിട്ടുണ്ട്.

ഈ സംഭവത്തെ ‘മൃഗീയമായ ആക്രമണം’ എന്നും ഭീരുത്വപരമായ ‘യുദ്ധക്കുറ്റം’ എന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഗേയ് വിശേഷിപ്പിച്ചത്.

ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളോടാണ് അദ്ദേഹം ഈ നടപടിയെ ഉപമിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്നവര്‍, ആശുപത്രികള്‍ക്ക് നേരെയുള്ള ഇത്തരം വ്യോമാക്രമണങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് അവരുടെ ധാര്‍മിക വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെത്തുടര്‍ന്ന് അഹ്വാസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഈ പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എങ്കിലും, ഒഴിപ്പിക്കപ്പെട്ട കുട്ടികളുടെ തുടര്‍ചികിത്സകള്‍ തടസമില്ലാതെ ഉറപ്പാക്കാന്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും, നിലവില്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടാനാണ് തെക്കന്‍ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ തങ്ങള്‍ വ്യോമാക്രമണം നടത്തുന്നതെന്നാണ് അമേരിക്കന്‍ പക്ഷത്തിന്റെ വിശദീകരണം.

എന്നാല്‍, സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒരു ധാരണാപത്രം നിലനില്‍ക്കെയാണ് അമേരിക്ക ഇത്തരം ആക്രമണങ്ങളുമായി മുന്നോട്ട് പോകുന്നത്.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും നേരെ ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നടക്കമുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ ടെഹ്റാനില്‍ എത്തുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളില്‍ യു.എസ്-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നത്.

 

Content Highlight: US attack near children’s cancer hospital in Iran; Iran calls it barbaric and cowardly.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.