ഉക്രൈനെതിരായ ആണവാക്രമണത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടി; വെളിപ്പെടുത്തലുമായി യു.എസ്
Trending
ഉക്രൈനെതിരായ ആണവാക്രമണത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടി; വെളിപ്പെടുത്തലുമായി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 1:23 pm

വാഷിങ്ടണ്‍: ഉക്രൈനെതിരെ ആണവാക്രമണം നടത്തുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ 2022ല്‍ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടിയിരുന്നെന്ന് യു.എസ്. ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആണവ ആക്രമണം നടത്തുന്നതില്‍ നിന്ന് റഷ്യയെ തടയാന്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വാഷിങ്ടണ്‍ ചര്‍ച്ച നടത്തി എന്നാണ് വെളിപ്പെടുത്തല്‍. വിഷയം ഇരു രാജ്യങ്ങളെയും അറിയിക്കുന്നതിനോടൊപ്പം റഷ്യയെ പിന്തിരിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും സമ്മര്‍ദം ചെലുത്തിയാല്‍ ആണവാക്രമണത്തില്‍ നിന്ന് റഷ്യ പിന്‍മാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ ഉക്രൈനെതിരായ യുദ്ധം രൂക്ഷമായതോടെ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

അതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അടുത്തിടെ പുടിന്‍ രംഗത്തെത്തിയിരുന്നു. ഉക്രൈനെ സഹായിക്കുന്നത് തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യക്ക് മടിയില്ലെന്നാണ് പുടിന്‍ പറഞ്ഞത്. ഉക്രൈനെ സഹായിക്കാന്‍ നാറ്റോ സൈന്യത്തെ അയക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് പുടിന്റെ മുന്നറിയിപ്പ്.

ഉക്രൈന്‍ നാറ്റോയില്‍ ചേരുമെന്ന ഭീഷണിയെ തുടര്‍ന്നാണ് 2022ല്‍ റഷ്യ ഉക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോയില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉക്രൈന് സൈനിക സഹായം നല്‍കുന്നതും റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതും യുദ്ധം നീട്ടുമെന്ന് പുടിന്‍ അന്ന് പ്രതികരിച്ചിരുന്നു.

Content Highlight: US asked China, India for help to prevent potential Russian nuclear strike in 2022