അമിത താരിഫ് ചുമത്താന്‍ ട്രംപിന് അധികാരമുണ്ടോയെന്ന് യു.എസ് കോടതി; വിധി എതിരായാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ട്രംപ്
World
അമിത താരിഫ് ചുമത്താന്‍ ട്രംപിന് അധികാരമുണ്ടോയെന്ന് യു.എസ് കോടതി; വിധി എതിരായാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 12:39 pm

വാഷിങ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ അമിത തീരുവ ചുമത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാന്‍ യു.എസ് കോടതി.

എന്നാല്‍ അമിതമായ തീരുവ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചാല്‍ അത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

കോടതി തീരുവ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് വലിയ മാന്ദ്യത്തിന് കാരണമാകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

‘ചില ‘റാഡിക്കല്‍ ലെഫ്റ്റ് കോടതി’ കള്‍ ഈ താരിഫുകള്‍ പിന്‍വലിച്ചാല്‍, നമ്മുടെ രാജ്യത്തിന് കിട്ടേണ്ട ഭീമമായ തുക ഒരിക്കലും വീണ്ടെടുക്കാനാവില്ല. അത് അസാധ്യമാണ്. രാജ്യം വീണ്ടും 1929 ആകും, ഒരു വലിയ മാന്ദ്യം നേരിടേണ്ടി വരും’, ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞു.

വ്യാപാര പങ്കാളികള്‍ക്ക് മേല്‍ അമിതമായ താരിഫ് ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടിയുടെ നിയമസാധുത യു.എസ് അപ്പീല്‍ കോടതി വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം

മെയ് മാസത്തില്‍ രാജ്യത്തെ കീഴ്‌കോടതി ട്രംപിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ പിന്നാലെ കേസ് പരിഗണിച്ച യു.എസ് ഫെഡറല്‍ കോടതി ഈ വിധി മരവിപ്പിച്ചിരുന്നു.

ജൂലൈ 31-ന് നടന്ന വാദം കേള്‍ക്കലില്‍, ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഒരു പരിഹാരമെന്നോണം താരിഫുകള്‍ ഏര്‍പ്പെടുത്താനും വിവേചനാധികാരമുണ്ടെന്ന ട്രംപിന്റെ വാദങ്ങളില്‍ അപ്പീല്‍ കോടതി സംശയമുന്നയിച്ചിരുന്നു.

ട്രംപ് താരിഫുകള്‍ക്ക് കാരണമായി ചൂണ്ടിക്കാണിച്ച നിയമമായ ‘ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ടിന് കീഴില്‍’ ഇത് വരില്ലെന്നും എതിര്‍പക്ഷം വാദിച്ചിരുന്നു.

ഇറക്കുമതിക്ക് മൊത്തത്തിലുള്ള തീരുവ ചുമത്തുന്നതിന് യു.എസ് ഭരണഘടന പ്രകാരം കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണെന്നും ഇവര്‍ വാദിച്ചു.

എന്നാല്‍ ഇറക്കുമതി വഴി ലഭിച്ച കോടിക്കണക്കിന് ഡോളര്‍ താരിഫ് വരുമാനം ട്രഷറിയിലേക്ക് ഒഴുകിയെത്തിയെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. സമീപകാല ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഇതിന് തെളിവാണെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.

രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മൂലധന ശേഖരം കൂടിയാണ് ഇതെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, താരിഫുകള്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വ്യാപാര നയത്തിലെ ഈ അനിശ്ചിതത്വം നിക്ഷേപത്തെ മന്ദഗതിയിലാക്കുമെന്നും അവര്‍ പറയുന്നു.

അധിക താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പുറമേ, സ്റ്റീലിനും മറ്റ് വസ്തുക്കള്‍ക്കും 25 ശതമാനം മുതല്‍ 50 ശതമാനം വരെ താരിഫുകള്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: US appeals court weighs the legality of Trump tariffs on trading partners