‘തന്റെ സിനിമകളിലൊന്നും ചീത്തവാക്ക് പറയില്ല, സ്ത്രീകളെ മോശമായിട്ട് പറയില്ല എന്നതൊക്കെ എം.ജി.ആറിന്റെ ശക്തമായ നിലപാടുകളായിരുന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കി.
എം.ജി.ആറിനെ പോലെ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ മാത്രമേ എനിക്കെന്റെ റോളുകളെ അങ്ങനെ സമീപിക്കേണ്ടതുള്ളൂ. തത്കാലം എനിക്ക് വേറെ ഒരുദ്ദേശ്യവുമില്ല. ഞാന്‍ ചെയ്യുന്ന റോളുകള്‍ മറ്റൊരാള്‍ അങ്ങനെ ചെയ്ത് ഫലിപ്പിക്കില്ലെന്ന് പറയിപ്പിക്കുക. അതാണ് മിനിമം ആഗ്രഹം. അതിനുള്ള പരിശ്രമങ്ങളാണിതൊക്കെ,’ ഉര്‍വശി പറയുന്നു.
സിനിമയുടെ കൂടെ വായനയും തന്റെ കൂടെയുണ്ടായിരുന്നുവെന്നും താനിപ്പോള്‍ ആര്‍. രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും വായിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അത് വായിച്ച് പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും ആ സ്ലാങ് പിടികിട്ടാന്‍ വേണ്ടി വീണ്ടും വീണ്ടും വായിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുതന്നെയായിരുന്നു ഖസാക്കിന്റെ ഇതിഹാസം വായിക്കുമ്പോഴുള്ള അവസ്ഥയെന്നും അതിലെ ഭാഷ എളുപ്പത്തിലങ്ങ് വഴങ്ങിയിരുന്നില്ലെന്നും ഉര്‍വശി പറയുന്നു. തനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതെന്നും നടി പറഞ്ഞു.
തനിക്കെന്നും എഴുത്തുകാരോടായിരുന്നു ആരാധനയെന്നും അല്ലാതെ ഒരു സിനിമാനടനെയോ നടിയെയോ കാണണമെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിനോട് സംസാരിക്കുകയായിരുന്നു അവര്‍.