ആ എഴുത്തുകാരെ നേരില്‍ കാണാന്‍ കൊതിച്ചു; അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവന്‍: ഉര്‍വശി
Malayalam Cinema
ആ എഴുത്തുകാരെ നേരില്‍ കാണാന്‍ കൊതിച്ചു; അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവന്‍: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 2:40 pm

തനിക്ക് എന്നും എഴുത്തുകാരോടായിരുന്നു ആരാധനയെന്നും അല്ലാതെ ഒരു സിനിമാനടനെയോ നടിയെയോ കാണണമെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും പറയുകയാണ് ഉര്‍വശി. തനിക്ക് കാണാന്‍ ആഗ്രഹം തോന്നിയ എഴുത്തുകാരെ കുറിച്ചും നടി പറയുന്നു.

ഖസാക്കിന്റെ ഇതിഹാസം ഓരോ തവണ വായിക്കുമ്പോഴും ഞാന്‍ ഖസാക്കിലേക്ക് കൂടുതല്‍ അടുത്തു. എനിക്ക് ഇടയ്‌ക്കൊക്കെ ചിതലിയുടെ ഭാഷ പറയണമെന്ന് തോന്നും. അപ്പോള്‍ വീണ്ടും വായിക്കും.

എന്തെല്ലാം മനോഹരമായ പ്രയോഗങ്ങളാണ് ഒ.വി. വിജയന്റെ എഴുത്തിലുള്ളത്. അദ്ദേഹം എനിക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നുവെന്നോ. നേരിട്ട് കാണാന്‍ ആഗ്രഹിച്ചൊരാളായിരുന്നു,’ ഉര്‍വശി പറയുന്നു.

കുഞ്ഞുണ്ണി മാഷിന്റെ വരികളൊക്കെ താന്‍ പണ്ട് ഡയറിയില്‍ എഴുതിവെയ്ക്കുമായിരുന്നുവെന്നും അദ്ദേഹത്തെ കാണണമെന്ന് മോഹിച്ച് താന്‍ കുറേ നടന്നുവെന്നും നടി പറഞ്ഞു. പക്ഷേ വിഴുപ്പലക്കിക്കഴിഞ്ഞ് പിന്നെ എവിടെയാ നേരമെന്ന് പറഞ്ഞത് പോലെയായിരുന്നു തന്റെ ജീവിതമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

‘വൈക്കം മുഹമ്മദ് ബഷീറിനെ ഒന്ന് കാണാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളെല്ലാം വായിച്ചു. ചെന്നൈയില്‍ തമിഴ് സംവിധായികയായ ഒരു പെണ്‍കുട്ടി ബഷീറിന്റെ ആരാധികയാണ്. അവള്‍ എന്നെ ഇടയ്ക്കിടെ വിളിക്കും.

നമുക്ക് പ്രേമലേഖനം സിനിമയാക്കിയാലോ എന്നാണ് ചോദ്യം. അതില്‍ സാറാമ്മയായി അക്ക തന്നെ അഭിനയിക്കണമെന്ന് പറയും. കുറെക്കാലം അവള്‍ വിളിച്ചുകൊണ്ടിരുന്നു,’ ഉര്‍വശി പറയുന്നു.

വായന എന്നും തന്റെ കൂടെയുണ്ടായിരുന്നുവെന്നും താനിപ്പോള്‍ ആര്‍. രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും വായിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അത് വായിച്ച് പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും ആ സ്ലാങ് പിടികിട്ടാന്‍ വേണ്ടി വീണ്ടും വീണ്ടും വായിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുതന്നെയായിരുന്നു ഖസാക്കിന്റെ ഇതിഹാസം വായിക്കുമ്പോഴുള്ള അവസ്ഥയെന്നും അതിലെ ഭാഷ എളുപ്പത്തിലങ്ങ് വഴങ്ങിയിരുന്നില്ലെന്നും ഉര്‍വശി പറയുന്നു. തനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതെന്നും നടി പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

Content Highlight: Urvashi Talks About Her Fav Writers