പാര്‍വതി എന്ത് അപരാധമാണ് ചെയ്തത്? മുഴുവന്‍ സിനിമക്കും അവളോട് ദേഷ്യപ്പെടാനുള്ള ന്യായമില്ല: ഉര്‍വശി
Film News
പാര്‍വതി എന്ത് അപരാധമാണ് ചെയ്തത്? മുഴുവന്‍ സിനിമക്കും അവളോട് ദേഷ്യപ്പെടാനുള്ള ന്യായമില്ല: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 8:44 am

2024ല്‍ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയിലെ ഇരുവരുടെയും അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

പാര്‍വതി തിരുവോത്തിന് തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ സിനിമ ലഭിക്കാതെ വരികയും സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വരികയും ചെയ്ത സമയത്താണ് ഉള്ളൊഴുക്ക് എത്തുന്നത്. ഇപ്പോള്‍ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതിയെ കുറിച്ച് പറയുകയാണ് ഉര്‍വശി.

പാര്‍വതിയോട് ആളുകള്‍ക്കുള്ള പെരുമാറ്റത്തില്‍ തനിക്ക് അത്ഭുതമുണ്ട് എന്നാണ് ഉര്‍വശി പറയുന്നത്. പാര്‍വതി താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം നല്ല രീതിയില്‍ ചെയ്യാന്‍ നോക്കിയിട്ടല്ലേയുള്ളൂവെന്ന് പറയുന്ന നടി അല്ലാതെ അവള്‍ സിനിമയോട് എന്ത് അപരാധമാണ് ചെയ്തതെന്ന് ചോദിക്കുന്നു. മുഴുവന്‍ സിനിമക്കും പാര്‍വതിയോട് ദേഷ്യപ്പെടാനുള്ള ന്യായമില്ലെന്നും ഉര്‍വശി പറയുന്നു.

‘പാര്‍വതി തിരുവോത്ത് നല്ല ഒരു നടിയാണ്. പക്ഷെ ‘ആളുകളുടെ സമീപനത്തില്‍ ഒരുപാട് വ്യത്യാസമുണ്ട്. ആരും നല്ല രീതിയില്‍ പെരുമാറുന്നില്ല. പല സിനിമകള്‍ക്കും വേണ്ടി അപ്രോച്ച് ചെയ്യുന്നില്ല. അതിനും വേണ്ടി എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്’ എന്ന് അവള്‍ ചോദിക്കുന്നുണ്ട്.

എനിക്കും അതില്‍ അത്ഭുതമുണ്ട്. എന്താകും അങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല. അവള്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം നല്ല രീതിയില്‍ ചെയ്യാന്‍ നോക്കിയിട്ടല്ലേയുള്ളൂ. അല്ലാതെ അവള്‍ സിനിമയോട് എന്ത് അപരാധമാണ് ചെയ്തത്?

വ്യക്തിപരമായിട്ട് മറ്റെന്തെങ്കിലും പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാത്രം അവളോട് ദേഷ്യം ഉണ്ടായാല്‍ പോരെ. മുഴുവന്‍ സിനിമക്കും പാര്‍വതിയോട് ദേഷ്യപ്പെടാനുള്ള ന്യായമില്ലല്ലോ,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Approach Of Malayalam Cinema Towards Parvathy Thiruvothu