ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ചെറുപ്രായത്തില്‍ തന്നെ നായികയായി അരങ്ങേറി. തമിഴിലൂടെ സിനിമാലോകത്തേക്കെത്തിയ ഉര്‍വശി മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആറ് വട്ടം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.
സംവിധായകന്‍ സിബി മലയിലിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. സിബി മലയിലിനൊപ്പം രണ്ട് സിനിമകള്‍ മാത്രമാണ് തനിക്ക് ചെയ്യാന്‍ സാധിച്ചതെന്ന് ഉര്‍വശി പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റ് പല സിനിമകളിലേക്കും തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ അതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭരതം എന്ന സിനിമ തനിക്ക് ലഭിച്ച മികച്ച ചിത്രങ്ങളിലൊന്നാണെന്നും ഉര്‍വശി പറയുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പാടുന്ന ‘രാമകഥാ ഗാനലയം’ എന്ന പാട്ടിന്റെ ഷൂട്ട് ഒരിക്കലും മറക്കാനാകാത്തതാണെന്ന് ഉര്‍വശി പറയുന്നു. ആ പാട്ടിനിടയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പാടാനാകാതെ തളര്‍ന്നുപോകുന്ന രംഗത്തില്‍ അയാള്‍ക്ക് സപ്പോര്‍ട്ട് നല്‍കാന്‍ ഒരു ആക്ഷന്‍ ചെയ്യണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്കറിയാവുന്നതുപോലെ അത് ചെയ്തുവെച്ചെന്നും എന്നാല്‍ ഇന്ന് അതിനെക്കുറിച്ച് പലരും സംസാരിക്കാറുണ്ടെന്നും ഉര്‍വശി പറഞ്ഞു. സിബി മലയിലിനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘സിബി മലയിലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹവുമായി വര്‍ക്ക് ചെയ്യാനാകാതെ ഉപേക്ഷിക്കേണ്ടി വന്ന സിനിമകളാണ് എനിക്ക് കൂടുതലും ഉണ്ടായിട്ടുള്ളത്. ഭരതം, ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകള്‍ മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. ഭരതത്തില്‍ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പാടുന്ന ‘രാമകഥാ ഗാനലയം’ എന്ന പാട്ടിന്റെ ഷൂട്ട് കോഴിക്കോട് നടക്കുകയാണ്.
എനിക്ക് ആ പാട്ടില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. എന്റെ കുറച്ച് റിലേറ്റീവ്‌സ് ആ സമയത്ത് സെറ്റില്‍ വന്നിട്ടുണ്ടായിരുന്നു. ഞാന്‍ അവരുടെ കൂടെ കളിച്ച് ചിരിച്ച് നിന്നു. അപ്പുറത്ത് ഷൂട്ട് നടക്കുന്നതൊന്നും കാര്യമാക്കിയില്ല. അപ്പോള്‍ ഈ പാട്ടിന്റെ ഇടക്ക് സിബി എന്നെ വിളിപ്പിച്ചു. ‘പൊടിമോളേ, ലാല്‍ പാടി തളരുമ്പോള്‍ നീ അയാള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കണം. പക്ഷേ ആരുമത് ശ്രദ്ധിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞു.
ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി. അത്രയും നേരം കളിച്ച് ചിരിച്ച് നിന്നിട്ട് പെട്ടെന്ന് ഇത്രയും വലിയൊരു കാര്യം പറഞ്ഞപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. എന്ത് റിയാക്ഷന്‍ കൊടുക്കുമെന്ന് വിചാരിച്ച് നിന്നു. പിന്നെ ഞാന്‍ സിബിയോട് തംസ് അപ്പ് മാത്രം കാണിച്ചാല്‍ മതിയോ എന്ന് ചോദിച്ചു. കാരണം, അത് മാത്രമേ എന്റെ മനസില്‍ വന്നുള്ളൂ. അത് സിബി സമ്മതിച്ചു. ഇന്നും ആ സീനിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോഴാണ് അതിന്റെ വലിപ്പം മനസിലാകുന്നത്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi shares the shooting experience of Bharatham movie