തന്റെ പതിനാലാം വയസ്സില്‍ തന്നെ നായികയായി അഭിനയിച്ച് തുടങ്ങിയ നടിയാണ് ഉര്‍വശി. എണ്‍പതുകള്‍ മുതല്‍ മലയാളത്തിലും തമിഴിലും സജീവമായ താരം ഒട്ടനവധി ശക്തമായ സ്ത്രീകഥാപാത്രങ്ങളും ഹാസ്യകഥാപാത്രങ്ങളും സ്വഭാവ വേഷങ്ങളും മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയില്‍ നാലുപതിറ്റാണ്ടുകള്‍ പിന്നിട്ട ഉര്‍വശി സമീപകാലത്തും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാറുണ്ട്.
ഉര്‍വശി. Photo: Dool News
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും രേവതിയും പ്രധാനവേഷത്തിലെത്തിയ എവര്‍ഗ്രീന്‍ ചിത്രം കിലുക്കത്തെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ രേവതി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തെ താനാണ് അവതരിപ്പിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ പോകുകയാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
‘പലര്‍ക്കും ഇന്നും അറിയാത്ത കാര്യമാണ് കിലുക്കം എഴുതിയത് വേണു നാഗവള്ളി ചേട്ടനാണ് എന്നത്. അതിലെ രേവതിയുടെ ക്യാരക്ടര്‍ ഞാന്‍ ചെയ്യാനിരുന്നതാണ്. പ്രിയദര്‍ശന്‍ ചേട്ടനാണ് ഫോണിലൂടെ കഥ പറഞ്ഞുതന്നത്. പ്രിയന്‍ ചേട്ടന്‍ ഫോണിലൂടെ കഥ പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ, ഉഗ്രനായി പടമെടുക്കും. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം തന്നെ ഇരുന്ന് ചിരിക്കും. നമ്മള്‍ ആട്ടിന്‍ കുട്ടിയെ കതകിനിടയിലിട്ട് ഞെക്കിയാലുണ്ടാക്കുന്ന ശബ്ദം പോലെയാണ് അദ്ദേഹം ചിരിക്കുക. നമുക്ക് അത്ര ചിരിയായിട്ട് തോന്നുന്നിലല്ലോ എന്തിനാ ഇപ്പോള്‍ ചിരിച്ചത് എന്നൊക്കെ നമുക്ക് തോന്നും.
പ്രിയന്‍ ചേട്ടന്റെ ചിത്രങ്ങളില്‍ നല്ല രസമായിട്ട് കോമഡി ചെയ്യും. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടാകും. കാട് കയറി ഒരുപാട് നേരം പെര്‍ഫോം ചെയ്യുന്ന പരിപാടികള്‍ ഒന്നും അതില്‍ ഉണ്ടാകില്ല. ഇംപ്രൊവൈസേഷന്‍ വലിയ താത്പര്യമാണ്. അതിനെല്ലാമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യവുമുണ്ട്. കിലുക്കത്തിന്റെ സമയത്ത് ഞാന്‍ തിരക്കിലായിരുന്നു. അന്നൊക്കെ ലാന്‍ഡ് ലൈന്‍ ഫോണ്‍ മാത്രമല്ലേ ഉള്ളൂ. അങ്ങനെ കമ്യൂണിക്കേഷന്‍ കാരണങ്ങള്‍ കൊണ്ടും ഡേറ്റില്ലാത്തതിനാലും കിലുക്കം നഷ്ടപ്പെടുകയായിരുന്നു,’ ഉര്‍വശി പറഞ്ഞു.
ഊട്ടിയില്‍ ടൂറിസ്റ്റ് ഗൈഡായ ജോജിയുടെയും ഫോട്ടോഗ്രാഫറായ നിശ്ചലിന്റയും ജീവിതത്തില്‍ നന്ദിനി എന്ന പെണ്‍കുട്ടി കടന്നുവരുന്നതുമായി ബന്ധപ്പെട്ട കഥയാണ് കിലുക്കം പറയുന്നത്. മോഹന്‍ലാലിനും രേവതിക്കും പുറമെ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, തിലകന്‍, തിക്കുറശ്ശി, മുരളി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ എസ്.പി വെങ്കിടേഷ് സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.
Content Highlight: Urvashi says she was supposed to act as the heroin in Kilukkam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.