2023ലെ എഴുപത്തിയൊന്നാമത് ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയത് ഉര്‍വശിയായിരുന്നു. ഉര്‍വശി മികച്ച ‘സഹ നടി’യായതും ആടുജീവിതം എന്ന ചിത്രത്തിന് അവാര്‍ഡ് നിഷേധിച്ചതും ദി കേരള സ്റ്റോറി എന്ന കേരളത്തിനെതിരായ പ്രോപഗണ്ട സിനിമക്ക് അവാര്‍ഡ് നല്‍കിയതും ഉള്‍പ്പെടെ വിവാദത്തിലാണ് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം.
പുരസ്‌ക്കാര പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഉര്‍വശി. വിജയിയെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം ജ്യൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി പറയുന്നു. എന്താണ് സപ്പോര്‍ട്ടിങ് റോള്‍, എന്താണ് മെയിന്‍ റോള്‍ എന്ന് തീരുമാനിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍, പാരാമീറ്ററുകള്‍, രീതി എന്നിവ ജ്യൂറിയോട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി തന്റെ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ആടുജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനം ഉള്‍പ്പെടെ ചിത്രം എല്ലാ വിഭാഗത്തിലും പുറത്തായത് എന്തുകൊണ്ടാണെന്ന് ഉര്‍വശി ചോദിക്കുന്നു. ദി ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ആടുജീവിതത്തെ അവര്‍ എങ്ങനെ അവഗണിക്കും? നജീബിന്റെ ജീവിതം അവതരിപ്പിക്കാന്‍ ശാരീരികമായ മാറ്റമടക്കം അനവധി കഷ്ടപ്പാടിലൂടെയും പരിശ്രമത്തിലൂടെയും കടന്നുപോയ ഒരു നടന്‍ നമുക്കുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ എങ്ങനെ കാണാതെ പോകും?’ ഉര്‍വശി ചോദിക്കുന്നു.
എമ്പുരാന്‍ കാരണമാണ് പൃഥ്വിരാജിന് അവാര്‍ഡ് ലഭിക്കാത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവാര്‍ഡുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യം നല്‍കാനാവില്ലെന്നും ഉര്‍വശി പറഞ്ഞു.
ഈ വര്‍ഷം പുറത്തിറങ്ങി മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെ ചിത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് എമ്പുരാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്.