അദ്ദേഹത്തെപ്പോലൊരു സുഹൃത്തിനെ സിനിമാലോകത്ത് ലഭിക്കുക എന്നത് വലിയ കാര്യമാണ്: ഉര്‍വശി
Indian Cinema
അദ്ദേഹത്തെപ്പോലൊരു സുഹൃത്തിനെ സിനിമാലോകത്ത് ലഭിക്കുക എന്നത് വലിയ കാര്യമാണ്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th August 2025, 9:36 am

സിനിമാജീവിതം 46ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സ്വന്തമാക്കാന്‍ പുരസ്‌കാരങ്ങളും കൈവെക്കാന്‍ ഭാഷകളും ബാക്കിയില്ലാതെ നില്‍ക്കുകയാണ് ഉര്‍വശി. പത്താം വയസില്‍ ബാലതാരമായി സിനിമയിലേക്ക് വരികയും 13ാം വയസില്‍ നായികയായി അരങ്ങേറുകയും ചെയ്ത ഉര്‍വശി ഇത്തവണത്തെ ദേശീയ അവാര്‍ഡിലും തിളങ്ങിയിരുന്നു. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം താരം സ്വന്തമാക്കി

ഉര്‍വശിയുടെ കരിയറില്‍ ഏറ്റവുമധികം സ്വാധീനമുണ്ടാക്കിയ നടനാണ് കമല്‍ ഹാസന്‍. സഹപ്രവര്‍ത്തകനെന്നതിനുപരി തന്റെ ഏറ്റവുമടുത്ത സുഹൃത്താണ് കമല്‍ ഹാസനെന്ന് ഉര്‍വശി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍ത്തിപ്പോകാന്‍ നിന്ന ഉര്‍വശിയെ വീണ്ടും വെള്ളിവെളിച്ചത്തില്‍ നിര്‍ത്തിയത് കമല്‍ ഹാസന്റെ വാക്കുകളായിരുന്നു. കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

‘അണ്‍പ്രെഡിക്ടീവ് ആക്ട്രസ് എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിക്കുന്നത്. അത് ചിലപ്പോഴൊക്കെ സത്യമാണ്. എന്നാല്‍ ആ അണ്‍പ്രെഡിക്ടബിളിറ്റി ഞാന്‍ ഒരിക്കലും പ്ലാന്‍ ചെയ്യുന്നതല്ല. ചിലതൊക്കെ നാച്ചുറലായി റിയാക്ട് ചെയ്ത് പോവുന്നതാണ്. മൈക്കല്‍ മദന കാമരാജന്‍ എന്ന സിനിമയില്‍ അതിന് ചില ഉദാഹരണങ്ങളുണ്ട്.

ഞാന്‍ ചെയ്യുന്നത് എന്തൊക്കെയാകുമെന്ന് എനിക്ക് പോലും ചില സമയത്ത് ധാരണയുണ്ടാകില്ല. അതെല്ലാമാണ് കമല്‍ ഹാസന് എന്നോട് ബഹുമാനമുണ്ടാകാന്‍ കാരണമെന്ന് തോന്നുന്നു. മര്യാദയോടുകൂടിയ സൗഹൃദമാണ് ഞങ്ങളുടെയിടയില്‍. സിനിമാലോകത്ത് അദ്ദേഹത്തെപ്പോലൊരു സുഹൃത്തിനെ കിട്ടുക എന്നത് ചെറിയ കാര്യമല്ല.

കഴിവിനെ ആദരിക്കുന്ന, അതിന് മര്യാദ നല്‍കുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. തമിഴില്‍ എന്റെ രണ്ടാം വരവിന് കാരണമായതും അദ്ദേഹമാണ്. കമല്‍ സാറിന്റെ വാക്കുകള്‍ കേട്ടാണ് ഞാന് മലയാളത്തിലേക്ക് പോയത്. തിരിച്ച് തമിഴിലേക്ക് എത്തിയപ്പോള്‍ എനിക്ക് ചേരുന്ന തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാന്‍ അദ്ദേഹവും കാരണമായി,’ ഉര്‍വശി പറയുന്നു.

തമിഴില്‍ അല്പവസ്ത്രം ധരിച്ച് അഭിനയിക്കുന്നതില്‍ താന്‍ ഒട്ടും കംഫര്‍ട്ടല്ലെന്ന് ആദ്യം മനസിലാക്കിയത് കമല്‍ ഹാസനാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. തന്റെ അഭിനയമികവിന് ചേരുന്നത് മലയാളസിനിമയാണെന്ന് പറഞ്ഞ് ഉപദേശിച്ചെന്നും അത് കരിയറില്‍ ഗുണം ചെയ്‌തെന്നും താരം പറഞ്ഞു. ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.

Content Highlight: Urvashi saying that to get a friend like Kamal Haasan is a blessing