ഇന്നലെയായിരുന്നു എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് റാണി മുഖര്‍ജി ആയിരുന്നു. നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് വിക്രാന്ത് മാസിയും ഷാരൂഖ് ഖാനാണ്. മലയാളത്തിന് അഭിമാനമായി മികച്ച സഹ നടിയായി ഉര്‍വശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു.
പ്രഖ്യാപനം മുതല്‍ തന്നെ വിവാദത്തിലാണ് എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ദി കേരള സ്റ്റോറി എന്ന പ്രൊപഗണ്ട ചിത്രത്തിന്റെ സംവിധായകന് സുധീപ് തോസനാണ്. മികച്ച നടിയായി പ്രഖ്യാപിക്കാമായിരുന്ന ഉര്‍വശിയെ സഹനടിയാക്കിയതിലും ചോദ്യങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് ഉര്‍വശി.
മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് പേര്‍ക്ക് പങ്കുവെക്കാമെന്നിരിക്കെ താന്‍ എങ്ങനെ സഹനടിയായി എന്ന ചോദ്യം തന്നെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നുണ്ടെന്ന് ഉര്‍വശി പറയുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് തനിക്ക് സംഭവിച്ചതെന്നും നടി പറഞ്ഞു. നമുക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ടെങ്കിലും ചില ലോബികളേ വിജയിക്കുവെന്നും ഉര്‍വശി വ്യക്തമാക്കി. അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിനും മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശിക്ക് ലഭിച്ചത്.
രാജ്യത്തിന്റെ അംഗീകാരം വൈകിയെന്ന അഭിപ്രായമില്ലെന്നാണ് മികച്ച സഹനടനായ വിജയരാഘവന്‍ പറയുന്നത്. പൂക്കളം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. പ്രേക്ഷകരുടെ ആഗ്രഹമാണ് താന്‍ സിനിമയില്‍ തുടരാന്‍ കാരണമെന്നും അഭിനയിച്ച സിനിമകള്‍ കൂടുതല്‍ പ്രേക്ഷകര്‍ കാണുന്നതാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. പൂക്കളം എന്ന സിനിമയിലെ വേഷത്തിനായി ശരീര ഭാരം കുറക്കുക പോലുള്ള ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രമായി അഭിനയിക്കുമ്പോള്‍ പുരികവും നഖവും പോലും ശ്രദ്ധിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.