അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ എനിക്ക് ആ സംവിധായകന്റെ നഷ്ടപ്പെട്ട സിനിമകളാണ് ഉള്ളത്: ഉര്‍വശി
Malayalam Cinema
അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ എനിക്ക് ആ സംവിധായകന്റെ നഷ്ടപ്പെട്ട സിനിമകളാണ് ഉള്ളത്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th July 2025, 2:16 pm

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. അതോടാെപ്പം മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലും അവര്‍ അഭിനയിച്ചു. നാല്‍പ്പത് വര്‍ഷത്തിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന സംവിധായകന്‍ സിബി മലയിലിനെ ആദരിക്കുന്ന പരിപാടിയില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

അഭിനയിച്ചതിനേക്കാള്‍ സിബി മലയിലിന്റെ നഷ്ടപ്പെട്ടുപോയ സിനിമകളാണ് തനിക്ക് കൂടുതല്‍ ഉള്ളതെന്നും സിനിമകളുടെ പേര് താന്‍ പറയുന്നില്ലെന്നും അവര്‍ പറയുന്നു. ആ സിനിമകളെല്ലാം തന്നെക്കാള്‍ കഴിവുള്ളവര്‍ അഭിനയിച്ച് വിജയിച്ചുവെന്നും ഉര്‍വശി പറഞ്ഞു. സിബി മലയിലിന്റെ രണ്ട് സിനിമകളിലാണ് തനിക്ക് അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയതെന്നും ഭരതവും ഓഗസ്റ്റ് ഒന്ന് എന്ന് ചിത്രമായിരുന്നു അതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിബി ചേട്ടന്റ പടങ്ങളില്‍ അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ മിസ് ചെയ്ത പടങ്ങളാണ് കൂടുതല്‍. പടങ്ങളുടെ പേര് പറയുന്നില്ല. കാരണം എന്നെക്കാള്‍ കഴിവുള്ള പല ആളുകളും അത് അഭിനയിച്ച് വിജയിപ്പിച്ച് കഴിഞ്ഞു. പിന്നെ അത് പറയേണ്ട കാര്യമില്ല. അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയത് രണ്ട് സിനിമയ്ക്കാണ്. ഭരതം ഞാന്‍ അഭിനയിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഓഗസ്റ്റ് ഒന്നും ഞാന്‍ അഭിനയിച്ച സിനിമയാണ്. അത്ര വലിയ പെര്‍ഫോമന്‍സിനുള്ള സ്‌കോപ്പൊന്നും അതില്‍ ഉണ്ടായിരുന്നില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi about Sibi malayil