Indian Cinema
വെറുതേ നടന്നുപോകുന്ന ഷോട്ടില്‍ പോലും വ്യത്യസ്തത പരീക്ഷിക്കുന്ന നടന്‍, കോമഡിയില്‍ അദ്ദേഹത്തിന് വെല്ലുവിളി ആരുമില്ല: ഉര്‍വശി
ബാലതാരമായി സിനിമയിലേക്കെത്തുകയും ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടിലധികം സിനിമാലോകത്തിന് വേണ്ടി മാറ്റിവെക്കുകയും ചെയ്ത നടിയാണ് ഉര്‍വശി. അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉര്‍വശിയെത്തേടി നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിരുന്നു. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.
ഉര്‍വശിയുടെ കരിയറില്‍ വലിയൊരു ഇംപാക്ടുണ്ടാക്കിയ നടനാണ് കമല്‍ ഹാസന്‍. ഇരുവരും തമിഴില്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ കാലങ്ങള്‍ക്കിപ്പുറവും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. കമല്‍ ഹാസനെപ്പോലെ കോമഡിയില്‍ വ്യത്യസ്തത കൊണ്ടുവരുന്ന മുന്‍നിര നടന്‍ വേറെയില്ലെന്ന് പറയുകയാണ് ഉര്‍വശി. ഒരുപാട് സിനിമകള്‍ അതിനുദാഹരണമാണെന്ന് ഉര്‍വശി പറഞ്ഞു.

വസൂല്‍ രാജ എം.ബി.ബി.എസ് എന്ന ചിത്രത്തിലെ കോമഡി രംഗങ്ങളെല്ലാം താന്‍ ആസ്വദിച്ച് ചിരിച്ചവയാണെന്നും അതിന്റെ ക്രെഡിറ്റിന്റെ പകുതിയും റൈറ്ററായ ക്രേസി മോഹനുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കോമഡി രംഗങ്ങള്‍ വളരെ രസകരമായി എഴുതുന്ന ക്രേസി മോഹനും കമല്‍ ഹാസനു മികച്ച കോമ്പോയാണെന്നും അവര്‍ പറയുന്നു.
‘കമല്‍ ഹാസനെപ്പോലൊരു നടനെ മറ്റൊരു ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കില്ല. അദ്ദേഹം ചെയ്യുന്നതുപോലെ മറ്റൊരു കോമഡി ആര്‍ട്ടിസ്റ്റിനും ചെയ്യാന്‍ സാധിക്കില്ല. ഇവിടുന്ന് നടന്ന് പോകുന്ന ഒരു ഷോട്ട് ഉണ്ടെങ്കില്‍ മറ്റ് നടന്മാര്‍ സാധാരണ പോലെ നടന്നു കാണിക്കും. എന്നാല്‍ കമല്‍ സാറാണെങ്കില്‍ അതില്‍ എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്നായിരിക്കും ചിന്തിക്കുക.

അദ്ദേഹത്തിന്റെ പഴയ സിനിമകളെല്ലാം നോക്കിയാല്‍ അറിയാം. ഓരോ കഥാപാത്രത്തിനും അനുസരിച്ചാണ് നടക്കുന്നത് പോലും. സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് എല്ലാം മനസിലാകും. ഇപ്പോള്‍ നടക്കുന്ന വഴിയില്‍ ഒരു കല്ലുണ്ടെങ്കില്‍ അതില്‍ തട്ടുന്നതായി കാണിച്ച് അദ്ദേഹം അഭിനയിക്കും. അത്രമാത്രം പെര്‍ഫക്ടായിട്ടാണ് പെര്‍ഫോം ചെയ്യാറുള്ളത്,’ ഉര്‍വശി പറയുന്നു.
നിരവധി ചിത്രങ്ങളില്‍ കമല്‍ ഹാസനും ഉര്‍വശിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മൈക്കല്‍ മദന കാമ രാജന്‍, പഞ്ചതന്ത്രം, ഉത്തമ വില്ലന്‍, അന്ത ഒരു നിമിടം തുടങ്ങി നിരവധി ഹിറ്റുകള്‍ ഇവര്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒപ്പം അഭിനയിച്ചവരില്‍ പിടിച്ചുനില്‍ക്കാന്‍ താന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഉര്‍വശിയോടൊപ്പമായിരുന്നെന്ന് കമല്‍ ഹാസന്‍ പണ്ട് പറഞ്ഞിട്ടുണ്ട്.
Content Highlight: Urvashi about Kamal Haasan’s comedy timing