നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്; തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം, പ്രതികരിക്കാതെ ശിവസേന
national news
നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്; തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം, പ്രതികരിക്കാതെ ശിവസേന
ന്യൂസ് ഡെസ്‌ക്
Sunday, 29th November 2020, 6:09 pm

ന്യൂദല്‍ഹി: നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്. തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഊര്‍മിളയുടെ പാര്‍ട്ടിപ്രവേശനം സംബന്ധിച്ച വാര്‍ത്തകളോട് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.

അതേസമയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മദോണ്ഡ്കറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഊര്‍മിള മദോണ്ഡ്കറിനെ നാമനിര്‍ദേശം ചെയ്യണോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമായിരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Urmila mathondkar joins shivasena