'നമുക്ക് കൂടുതല്‍ രാഹുല്‍ ബജാജുമാരെ വേണം'; അമിത്ഷായോട് വിമര്‍ശനം ഉന്നയിച്ച രാഹുല്‍ ബജാജിനെ അഭിനന്ദിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍
national news
'നമുക്ക് കൂടുതല്‍ രാഹുല്‍ ബജാജുമാരെ വേണം'; അമിത്ഷായോട് വിമര്‍ശനം ഉന്നയിച്ച രാഹുല്‍ ബജാജിനെ അഭിനന്ദിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍
ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 5:01 pm

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നതായി വിമര്‍ശനമുന്നയിച്ച് വ്യവസായി രാഹുല്‍ ബജാജിനെ അഭിനന്ദിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍. നമുക്ക് കൂടുതല്‍ രാഹുല്‍ ബജാജുമാരെ വേണമെന്നാണ് ഊര്‍മ്മിളയുടെ പ്രതികരണം.

സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കാത്ത അഭിനേതാക്കളെ കുറിച്ച് നമ്മള്‍ വിമര്‍ശനമുന്നയിക്കാറുണ്ട്. എന്നാല്‍ വ്യവസായികളെ കുറിച്ചോ?. അവസാനം വരെ നിവര്‍ന്ന് നിന്ന് സംസാരിക്കുന്ന രാഹുല്‍ ബജാജുമാരെ നമുക്ക് കൂടുതല്‍ വേണം എന്നായിരുന്നു ഊര്‍മ്മിളയുടെ വാക്കുകള്‍.

മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇ.ടി പുരസ്‌കാര’ച്ചടങ്ങില്‍ വെച്ചു സംസാരിക്കവെയാണ് രാഹുല്‍ ബജാജിന്റെ പ്രതികരണംകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ സ്റ്റേജിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല.’- രാഹുല്‍ ബജാജ് പറഞ്ഞു.

ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്.

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ‘അവര്‍ ബി.ജെ.പിയുടെ പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു.
പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നായിരുന്നു ഇതിന് ഷായുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ