ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസയിലെ 20 ഇന പദ്ധതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസയിലും ഇസ്രഈലിലുമായി നടന്ന ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ചും അതിന്റെ ഉത്തരവാദികളെ കുറിച്ചും ട്രംപിന്റെ പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. വെടിനിര്‍ത്തല്‍ പദ്ധതി പ്രാബല്യത്തില്‍ വരാന്‍ ഇനിയും കാത്തിരിക്കരുതെന്നും എച്ച്.ആര്‍.ഡബ്ള്യൂ പ്രതികരിച്ചു.
അടിയന്തരമായി ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എച്ച്.ആര്‍.ഡബ്ള്യൂ പറഞ്ഞു. ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ പ്രത്യേകിച്ചും ഹമാസിനെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പതിയെ പിന്മാറുക, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.
നിലവില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമം ഇസ്രഈല്‍ തുടരുകയാണ്. ഗസയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ മറികടന്നുകൊണ്ടാണ് ഇസ്രഈല്‍ സേന ഗസയില്‍ ആക്രമണം നടത്തുന്നത്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 67,160 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രഈലിന്റെ അതിക്രമങ്ങളില്‍ 169,679 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21 പേരെയാണ് ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്. 96 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: ‘Urgent action needed’; HRW points out flaws in Trump’s 20-point plan for Gaza