ന്യൂഡൽഹി: തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മൃഗസ്നേഹികൾക്ക് സുപ്രീം കോടതിയുടെ പരിഹാസം. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാൻ മാത്രമേ ബാക്കിയുള്ളൂവെന്ന് കോടതി പരിഹസിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. കൗൺസിലിങ് നൽകിയാൽ നന്നായിരിക്കുമെന്നും മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദത്തിനിടെ കോടതി പരാമർശിച്ചു.
അക്രമകാരികളായ നായകളെ പിടികൂടി ഷെൽറ്ററുകളിൽ എത്തിച്ച് വന്ധ്യകരണം നടത്തിയ ശേഷം എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ തിരികെ വിടണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.
നായകളെ തിരികെ വിടുന്നതിന് മുൻപ് അവയ്ക്ക് കൗൺസിലിങിന് കൂടി വിട്ടാൽ നന്നായിരിക്കുമെന്ന് ഇതിനോട് പ്രതികരിക്കവേ ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. അതുമാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവുനായകൾ കാരണം ഇരുചക്ര വാഹന യാത്രക്കാർ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ജസ്റ്റിസ് സന്ദീപ് മേത്ത പരാമർശിച്ചു.
കപിൽ സിബലിനോട് എപ്പോഴെങ്കിലും സ്കൂട്ടർ ഓടിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നായകൾ കുറുകെ ചാടുന്നത് മൂലം സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
താൻ മുൻപ് സ്കൂട്ടർ യാത്ര ചെയ്തിട്ടുണ്ടെന്നും ആ സാഹചര്യം അറിയാമെന്നും കപിൽ സിബൽ മറുപടി നൽകി.
മനുഷ്യരുടെ വിഷയങ്ങളെക്കാൾ കൂടുതൽ തെരുവുനായകളുമായി ബന്ധപ്പെട്ട ഹരജികളാണ് സുപ്രീം കോടതിയിൽ എത്തുന്നതെന്നും ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.
എങ്കിലും കേസിൽ എല്ലാവരുടെയും വാദം വിശദമായി കേൾക്കുമെന്നും ആരും നിരാശരായി മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവുനായകളെ ഷെൽറ്ററുകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ റസിഡൻസ് അസോസിയേഷനുകൾക്ക് ജനാധിപത്യപരമായ തീരുമാനമെടുക്കാൻ സാധിക്കുന്ന ഒരു സംവിധാനം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ നിർദേശിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നേരിടുന്ന തീവ്രമായ തെരുവുനായ പ്രശ്നത്തിൽ കോടതി മുൻപ് പല നിർദേശങ്ങളും നൽകിയിരുന്നെങ്കിലും അവ പ്രായോഗികമാകാത്ത സാഹചര്യത്തിലാണ് നിലവിലെ വാദപ്രതിവാദങ്ങൾ നടക്കുന്നത്. കേസിൽ വാദം തുടരുകയാണ്.
Content Highlight: All that’s left is to provide counseling to dogs; Supreme Court mocks animal lovers in stray dog case