യു.പി പൊലീസിന് കൂറ് ഭരണഘടനയോടല്ല ഭരിക്കുന്നവരോടെന്ന് അലഹബാദ് ഹൈക്കോടതി
India
യു.പി പൊലീസിന് കൂറ് ഭരണഘടനയോടല്ല ഭരിക്കുന്നവരോടെന്ന് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2026, 5:16 pm

അലഹബാദ്: ഉത്തര്‍ പ്രദേശ് പൊലീസിന് കൂറ് ഭരണഘടനയോടല്ല ഭരണാധികാരികളോടെന്ന് അലഹബാദ് ഹൈക്കോടതി. യു.പി പൊലീസിന്റെ നിയമനങ്ങളും ട്രാന്‍സ്ഫറും പ്രമോഷനും അടക്കമുള്ള നടപടികള്‍ മുന്‍ഗണനാക്രമം അനുസരിച്ചല്ല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കുന്നതെന്നും ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ബെഞ്ച് നിരീക്ഷിച്ചു.

ഉത്തര്‍ പ്രദേശ്, ഗാങ്സ്റ്റര്‍ ആന്‍ഡ് ആന്റി സോഷ്യല്‍ ആക്ടിവിസ്റ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 1986 പ്രകാരം തനിക്കെതിരെ സ്വീകരിച്ച നിയമ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരാളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. താത്പര്യമില്ലാത്തവരെ ഗാങ്‌സ്റ്റര്‍ ആക്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നതും ഏറ്റുമുട്ടല്‍ കൊലകളും അടക്കമുള്ള നടപടികള്‍ക്കെതിരെ ജുഡീഷ്യറിയില്‍ നിന്ന് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിരുന്നെന്നതായി ഹരജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.

ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായിട്ടാണ് കാലങ്ങളായി യു.പി പൊലീസിലെ സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും ഉപയോഗിക്കപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഭരിക്കുന്നവരോട് വിധേയത്വം കാണിക്കുന്ന ഉദ്യോഗസ്ഥരെ അവര്‍ക്ക് അനുകൂലമായ ഇടങ്ങളില്‍ നിയമിക്കും. ഭരിക്കുന്നവരോട് വിയോജിപ്പുള്ളവരെ പ്രതികൂലമായ സാഹചര്യത്തിലേക്ക് മാറ്റുമെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ഭരണഘടനയോടല്ല ഉദ്യോഗസ്ഥര്‍ക്ക് വിധേയത്വം. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടാണ് അവര്‍ വിധേയത്വം കാണിക്കുന്നത്. ട്രാന്‍സ്ഫറിനെ ഭരിക്കുന്നവര്‍ രാഷ്ട്രീയ ഉപകരണമാക്കിയതിനാല്‍ അവരെ പ്രീതിപ്പെടുത്താനായി പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡല്‍ മനോഭാവം ഭരണഘടനാ പരമായ ഭരണ നിര്‍വഹണ സംവിധാനത്തെ ബാധിച്ചു. ഭരണ സംവിധാനങ്ങള്‍ ഇപ്പോള്‍ പൊതുജന സേവനത്തിനു പകരം വ്യക്തിഗത മേല്‍ക്കോയ്മയുടെ ഉപകരണങ്ങളായിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

സ്ഥലം മാറ്റത്തെ ഉപയോഗിച്ച് പൊലീസിനെ ഇവിടെ ഭരിക്കുന്നവര്‍ നിയന്ത്രിക്കുകയാണ്. രാഷ്ട്രീയത്തിലുള്ള ഉന്നതരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അവര്‍ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിക്കും. അവരെ തൃപ്തിപ്പെടുത്തിയാല്‍ അനുകൂല നടപടികളുമുണ്ടാകും.

പല സമയങ്ങളിലും മുകളില്‍ നിന്നുള്ള ഇടപെടല്‍ കാരണം എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്ത സാഹചര്യമുണ്ടായിരുന്നു. കരുതല്‍ തടങ്കിലിനുള്ള വകുപ്പ് ഏകപക്ഷീയമായി ഉപയോഗിക്കപ്പെട്ടിരുന്നു. മുമ്പ് സി.ആര്‍.പി.സിയുടെയും ഇപ്പോള്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെയും ഭാഗമായ വ്യവസ്ഥകള്‍ പൊലീസ് നടപടികളില്‍ ലംഘിക്കപ്പെടുന്നതായും കോടതി നിരീക്ഷിച്ചു.

Content Highlight: UP Police serve rulers, not Constitution: Allahabad High Court