ഗംഗാമാതാവ് പുത്രന്മാരുടെ കാല് കഴുകാന്‍ വന്നതാണ്: പ്രളയസ്ഥലം സന്ദര്‍ശിച്ച യു.പി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
India
ഗംഗാമാതാവ് പുത്രന്മാരുടെ കാല് കഴുകാന്‍ വന്നതാണ്: പ്രളയസ്ഥലം സന്ദര്‍ശിച്ച യു.പി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2025, 7:51 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ചില ഗ്രാമങ്ങളില്‍ കഴിഞ്ഞദിവസമുണ്ടായ പ്രളയം സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. നാടിനെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ ദൈവാനുഗ്രഹമെന്ന് പറഞ്ഞാണ് മന്ത്രി സഞ്ജയ് കുമാര്‍ വിശേഷിപ്പിച്ചത്.

ഗംഗാ പുത്രന്മാരുടെ കാല് കഴുകാന്‍ ഗംഗാ മാതാവ് നേരിട്ട് വന്നതാണെന്നും അവരെല്ലാം നേരിട്ട് സ്വര്‍ഗത്തിലെത്തിയെന്നുമാണ് പ്രളയസ്ഥലം സന്ദര്‍ശിച്ച ശേഷം സഞ്ജയ് കുമാര്‍ പറഞ്ഞത്. കാണ്‍പൂര്‍ ജില്ലയിലെ ഭോഗ്നിപൂര്‍ ഗ്രാമം വെള്ളക്കെട്ടില്‍ മുങ്ങിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ദുരിതബാധിതരായവര്‍ യമുനാ നദിയുടെ തീരത്ത് താമസിക്കുന്നവരായിരുന്നു.

യു.പിയിലെ നിഷാദ് പാര്‍ട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമാണ് സഞ്ജയ് കുമാര്‍ നിഷാദ്. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്. നിലവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളനുസരിച്ച് ഉത്തര്‍പ്രദേശിലെ ആഗ്ര, ചിത്രകൂട്, ഘാസിപ്പൂര്‍, ചന്ദോലി തുടങ്ങി 17 ജില്ലകളിലെ 402 ഗ്രാമങ്ങളില്‍ പ്രളയം നേരിട്ടിട്ടുണ്ട്. ഗംഗ, യമുന നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് കാരണം.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്. ‘സ്വന്തം മണ്ഡലത്തിലെ ജനങ്ങളെക്കുറിച്ച് പോലും അറിവില്ലാത്ത മന്ത്രി’, ‘പ്രളയം പോലൊരു വലിയ ദുരന്തം ദൈവാനുഗ്രഹമായിട്ടാണോ ഇവര്‍ കണക്കാക്കുന്നത്’ എന്നിങ്ങനെ പല കമന്റുകളും കാണാന്‍ സാധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം വീട്ടിലേക്ക് വെള്ളം കയറിയപ്പോള്‍ അതിന് പൂജ ചെയ്ത ഐ.പി.എസ് ഓഫീസറുടെ വാര്‍ത്തയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വീടിന്റെ മുന്നിലേക്ക് വെള്ളമെത്തിയപ്പോള്‍ ‘ഗംഗാമാതാവിന്റെ സന്ദര്‍ശനം’ എന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളത്തിലേക്ക് പൂജ നടത്തുന്നതിന്റെയും പാലൊഴിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.

Content Highlight: UP Minister’s statement on flood became controversial