'അയാള്‍ ഭ്രാന്തനാണ്': രാഹുല്‍ ഗാന്ധിയെ മാനസിക രോഗിയെന്നു വിളിച്ച് ഉത്തര്‍പ്രദേശ് മന്ത്രി
national news
'അയാള്‍ ഭ്രാന്തനാണ്': രാഹുല്‍ ഗാന്ധിയെ മാനസിക രോഗിയെന്നു വിളിച്ച് ഉത്തര്‍പ്രദേശ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 7:00 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി മാനസിക രോഗിയാണെന്നും, കോണ്‍ഗ്രസിനെ നയിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്നും ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നാണ് ബി.ജെ.പി. നേതാവ് കൂടിയായ മന്ത്രിയുടെ ആക്ഷേപം.

“പ്രധാനമന്ത്രി മോദിയെ നിരന്തരം കള്ളനെന്നു വിളിച്ചുകൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത മോദിയുടെ മാന്യത നോക്കൂ.” മോദിക്കെതിരെ രാഹുല്‍ ഈയിടെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കവേ പ്രസാദ് മൗര്യ പറഞ്ഞു.

രാജ്യത്തെ പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്ര സഭ്യേതരമായ ഭാഷയില്‍ സംസാരിക്കുന്നു എന്നത് ലജ്ജാവഹമാണ്. ഈ കുട്ടിക്കളി നിറഞ്ഞ സ്വഭാവം ഒരു കോണ്‍ഗ്രസ് അധ്യക്ഷനു യോജിച്ചതല്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Also Read: “അത് രാഷ്ട്രീയമായ എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അറസ്റ്റ് തന്നെ: അഞ്ച് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ചന്ദ്രചൂഢ്

 

ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജനത്തെ രോഷാകുലരാക്കുമെന്നും, അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ആശങ്കാകുലരാകേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിയെ ആലിംഗനം ചെയ്ത രാഹുലിന്റെ പക്വതയില്ലായ്മ എല്ലാവരും കണ്ടതാണ്. ചെറിയ കുട്ടികള്‍ പോലും നടത്താത്ത പരാമര്‍ശങ്ങളാണ് രാഹുല്‍ അന്ന് നടത്തിയെന്നും പ്രസാദ് മൗര്യ ആരോപിക്കുന്നുണ്ട്.