'പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ്'; രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിക്കാന്‍ ഉത്തരവ്
national news
'പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ്'; രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th October 2022, 3:43 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ രക്തത്തിന്റെ ഘടകമായ പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ് കയറ്റി ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിച്ചു നീക്കാന്‍ ഉത്തരവ്. വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി ഒഴിയാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ നിര്‍ദേശപ്രകാരം ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സീല്‍ ചെയ്യുകയായിരുന്നു.

മുപ്പത്തിരണ്ടുകാരനായ പ്രദീപ് പാണ്ഡെക്കാണ് ആശുപത്രിയുടെ അനാസ്ഥ കാരണം ജീവന്‍ നഷ്ടമായത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം.

അനുമതിയില്ലാതെയാണ് പ്രയാഗ്‌രാജ് എന്ന സ്വകാര്യ ആശുപത്രി നിര്‍മിച്ചതെന്നും അധികൃതര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികള്‍ വിവിധ രക്തബാങ്കുകളില്‍ നിന്ന് പ്ലേറ്റ്‌ലെറ്റുകള്‍ ശേഖരിച്ച് വില്‍ക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വ്യാപകമായി വ്യാജ പ്ലേറ്റ്‌ലെറ്റുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.

പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ രക്തബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് രോഗിയുടെ കുടുംബം ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

ആശുപത്രിയില്‍ നിന്ന് നല്‍കിയ പ്ലേറ്റ്‌ലെറ്റ് ബാഗിലെ ഒരെണ്ണം ഉപയോഗിച്ചതിന് പിന്നാലെ രോഗിയുടെ നില വഷളാകുകയായിരുന്നു. അതേതുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവിടെ വെച്ച് രോഗിയുടെ ശരീരത്തില്‍ കയറ്റിയത് പ്ലേറ്റ്‌ലെറ്റ് അല്ലെന്നും ജ്യൂസ് പോലുള്ള എന്തോ വസ്തുവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

Content Highlight: UP hospital that gave fruit juice transfusion to dengue patient to be bulldozed