ലഖ്‌നൗ: ബ്രിട്ടീഷ് പൗരനുമായുള്ള ബന്ധം ആരോപിച്ച് ഉത്തർപ്രദേശിലെ ഖലീലാബാദിലെ മദ്രസ പൊളിച്ചുനീക്കി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹൃദയ് റാം തിവാരിയുടെ അറിയിപ്പ് പ്രകാരമാണ് മദ്രസ പൊളിച്ചത്.
മീറ്റ് മണ്ടി ഏരിയയിൽ സ്ഥിതി ചെയ്യുന്ന മദ്രസ പൊളിച്ചുനീക്കുന്നതിനെതിരെ മദ്രസ കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്.
2013 ൽ ബ്രിട്ടീഷ് പൗരത്വം നേടിയ മൗലാന ഷംസുൽ ഹുദാ ഖാനുമായി ഈ മദ്രസയ്ക്ക് ബന്ധമുണ്ടെന്നും, ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിർമ്മിച്ചതെന്നും അവകാശപ്പെട്ട ഉദ്യോഗസ്ഥർ മൗലാന ഷംസുൽ ഹുദാ ഖാനാണ് അനധികൃത നിർമ്മാണത്തിന് പിന്നിലെന്നും ആരോപിച്ചു.
ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ആന്റി ടെററിസം സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമുൾപ്പടെയുള്ള വിവിധ ഏജൻസികൾ ഖാനെതിരെ അന്വേഷണം നടത്തിയിട്ടുണ്ട്.
ഈ അന്വേഷണങ്ങളിൽ ഖാന് തീവ്രവാദ ബന്ധങ്ങളുള്ളതായും അനധികൃത വിദേശ ധനസഹായം ലഭിച്ചതായും സംശയിക്കുന്നതായി ഉദോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്ന് ഖലീലാബാദ് പോലീസ് സ്റ്റേഷനിൽ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
മൗലാന ഷംസുൽ ഹുദാ ഖാൻ പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ദാവത്തെ ഇസ്‌ലാമിയിൽ അംഗമാണെന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നുണ്ട്. വിദേശ പൗരത്വം സ്വീകരിച്ച ശേഷവും ഇന്ത്യയിൽ സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
മദ്രസ നിർമ്മിച്ചിരുന്ന ഭൂമി അടുത്തിടെ സർക്കാർ ഭൂമിയിൽ ലയിപ്പിച്ചതാണെന്നും കെട്ടിടത്തിന്റെ പ്ലാനിന് അധികൃതരുടെ അംഗീകാരം ഉണ്ടായിരുന്നില്ലെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തിവാരി പറഞ്ഞു.
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ജയ് പ്രകാശ്, സർക്കിൾ ഓഫീസർ പ്രിയം രാജശേഖർ എന്നിവർ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ സമാധാനം ഉറപ്പാക്കുന്നതിന് പ്രദേശത്ത് എത്തിയിരുന്നു.
Content Hiughlight: UP government demolishes madrasa over ties with British citizen