റിപ്പബ്ലിക് ദിന പരിപാടിയിൽ 'ജയ് ഭാരത്- ജയ് ഭീം ' എന്ന് വിളിച്ചു; യു.പിയിൽ ദലിത് വിദ്യാർത്ഥിക്ക് മർദനം
national news
റിപ്പബ്ലിക് ദിന പരിപാടിയിൽ 'ജയ് ഭാരത്- ജയ് ഭീം ' എന്ന് വിളിച്ചു; യു.പിയിൽ ദലിത് വിദ്യാർത്ഥിക്ക് മർദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th January 2024, 9:50 am

 

സംഭാൽ: ഉത്തർപ്രദേശിലെ സ്കൂളിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ ജയ് ഭാരത്- ജയ് ഭീം എന്ന് വിളിച്ചതിന് വിദ്യാർത്ഥിക്ക് മർദനം.
ഉത്തർപ്രദേശിലെ നരോലി നഗരത്തിലെ സ്കൂളിലാണ് സംഭവം. റിപ്പബ്ലിക് ദിന പരിപാടിയിൽ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത്- ജയ് ഭീം എന്ന് വിദ്യാർത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നരോലി നഗരത്തിലെ സർദാർ സിങ് ഇൻറർ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മർദനത്തിന് ഇരയായത്. ഡോക്ടർ ബി.ആർ. അംബേദ്കറിനെ കുറിച്ച് പ്രസംഗിച്ചതിന് ശേഷം ജയ് ഭാരത്- ജയ് ഭീം എന്ന് വിദ്യാർത്ഥി വിളിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ അതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ സ്കൂൾ ഗേറ്റിനു പുറത്തുവച്ച് വിദ്യാർഥിനിയെ മർദിക്കുകയായിരുന്നു

കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരം ബനിയ തേർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlight : UP: Dalit student hit for chanting ‘Jai Bhim-Jai Bharat’ in R-Day event