പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം; വോട്ട് ചോരിയിലെ പ്രതിഷേധം ഭയന്ന് നൂറ് കണക്കിന് നേതാക്കളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്
India
പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം; വോട്ട് ചോരിയിലെ പ്രതിഷേധം ഭയന്ന് നൂറ് കണക്കിന് നേതാക്കളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2025, 11:02 am

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഭയന്ന് യു.പിയിലെ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്.

വോട്ട് ചോരിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് തന്നെ ലഖ്നൗവിലെ വസതിയില്‍ തടങ്കലിലാക്കിയതെന്ന് അജയ് റായ് പറഞ്ഞു.

ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റായ്ബറേലി സന്ദര്‍ശന വേളയില്‍ ബി.ജെ.പി മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വാരണാസിയിലേക്ക് പോകാനൊരുങ്ങവേ പൊലീസ് എത്തി തന്നെ വീട്ടുതടങ്കലിലാക്കുകയായിരുന്നെന്ന് റായ് പറഞ്ഞു.

‘ബുധനാഴ്ച, രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പാര്‍ലമെന്ററി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു, എന്നാല്‍ മോദി ജിയുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ മന്ത്രിയും ചില പ്രവര്‍ത്തകരും രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞു. സ്വന്തം പാര്‍ലമെന്ററി മണ്ഡലത്തില്‍ അദ്ദേഹം സഞ്ചരിക്കുന്നത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു,’ റായ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വാരാണസിയില്‍ ഞങ്ങള്‍ വോട്ട് ചോരിക്കെതിരെ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു. അതിന് ശേഷമാണ് എന്നെ ലഖ്‌നൗവിലെ വസതിയില്‍ തടങ്കലിലാക്കുന്നത്. ഞങ്ങളെ അറസ്റ്റ് ചെയ്താലും തടങ്കലിലാക്കിയാലും ഈ പ്രതിഷേധം അവസാനിപ്പിക്കില്ല. വോട്ട് കള്ളന്മാര്‍ക്ക് ഇനി രക്ഷപ്പെടാനാവില്ല, റായ് ദി ഹിന്ദുവിനോട് പറഞ്ഞു.

യു.പിയിലേയും ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും വോട്ട് തട്ടിപ്പിനെതിരെ കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തകരും പ്രതിഷേധിക്കുമെന്നും അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും റായ് കൂട്ടിച്ചേര്‍ത്തു.

എന്നെ തടയാനുള്ള പൊലീസ് നടപടി ഭയവും പരിഭ്രാന്തിയും മൂലമാണ്, പക്ഷേ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയില്ല, രാജ്യമെമ്പാടുമുള്ള സാധാരണ ജനങ്ങളില്‍ വോട്ട് ചോര്‍, ഗഡ്ഡി ചോര്‍ എന്ന മുദ്രാവാക്യം പ്രതിധ്വനിക്കും. വാരണാസിയില്‍ പോലും നരേന്ദ്ര മോദിയെ വിജയിപ്പിക്കാന്‍ വോട്ട് ചോരി നടന്നു, റായ് പറഞ്ഞു.

അതേസമയം വാരണാസിയില്‍ മോദിക്കെതിരെ പ്രതിഷേധം നടത്തുമെന്ന ഭയത്തില്‍ ഏകദേശം 100ഓളം വരുന്ന കോണ്‍ഗ്രസ്, സമാജ്വാദി പ്രവര്‍ത്തകരെയാണ് വീട്ടുതടങ്കലിലാക്കിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ലഖ്നൗവിലെ പാര്‍ട്ടി ഓഫീസിലേക്ക് പോകാനോ മാധ്യമങ്ങളെ കാണാനോ റായിയെ പൊലീസ് അനുവദിച്ചില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് മീഡിയ സെല്‍ പറഞ്ഞു.

എന്നാല്‍ ലഖ്നൗ സൗത്ത് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ വസന്ത് കുമാറുമായി ബന്ധപ്പെട്ടപ്പോള്‍, റായ് വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചെന്നും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

പ്രധാനമന്ത്രിക്കെതിരെ റോഡില്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും തങ്ങളെ വഴിയില്‍ വെച്ചു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസിന്റെ വാരണാസി അധ്യക്ഷന്‍ സഘവേന്ദ്ര ചൗബെ പറഞ്ഞു.

മോദിക്കെതിരെ ധര്‍മശാലയില്‍ പ്ലക്കാര്‍ഡുകളുമായി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. അവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലവുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായിട്ടാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലെത്തിയത്.

Content Highlight: UP Congress chief Ajay Rai alleges ‘house arrest’ after PM protest announcement, police deny claim