പാരീസ്: ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പാരീസിലെ ഇന്ത്യന്‍ എംബസി. ഫ്രാന്‍സില്‍ താമസിക്കുന്നവരും സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

കൂടാതെ പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും തിരക്കേറിയ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ ജാഗ്രതയോടെയും മുന്‍കരുതലോടെയും പ്രവര്‍ത്തിക്കണമെന്നും ഫ്രഞ്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബുധനാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ പാരിസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. ഫോണ്‍: +33 6 48 340063. ഇ.മെയില്‍: cgo.marseille@mea.gov.in.

ജീവിത ചിലവ് വര്‍ധിച്ചതും പൊതുസേവനങ്ങളുടെ നിലവാരം മോശമാവുന്നതും കാണിച്ച് ഇറ്റലിയിലും സമരങ്ങള്‍ തുടരുകയാണ്. ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും പൗരന്മാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഇന്ധനവില വര്‍ധനവിനും ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിനും എതിരെ കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പ്രതിഷേധത്തിനിടെ പല നഗരങ്ങളിലും ഏറ്റമുട്ടലും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്ന സംഭവങ്ങളും കഴിഞ്ഞ വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിങ്കളാഴ്ച, പാരീസിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ പല നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇനി വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും ഫ്രാന്‍സില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുമെന്നാണ് വിവരം. ഫ്രാന്‍സില്‍ ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ലോറന്റ് നുനെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യമെങ്കില്‍ വിവിധ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു അറിയിച്ചിരുന്നു.

Content Highlight: Unrest in France: Indian Embassy issues advisory to citizens