കൊല്ലം: മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എസ്.പി സന്തോഷ് എം. നായര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് സന്തോഷ് എം നായരാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം െ്രെകംബ്രാഞ്ച് ഓഫീസില്‍ കണ്ടെയ്‌നര്‍ സന്തോഷിനൊപ്പം ഡിവൈ.എസ്.പി. സന്തോഷിനെയും ചോദ്യംചെയ്തുവരികയായിരുന്നു.
സന്തോഷ് നായര്‍ക്കു വേണ്ടിയാണ് കണ്ടെയ്‌നര്‍ സന്തോഷ് ഉണ്ണിത്താനെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതെന്നാണ് സൂചന ലഭിച്ചത്. ഉണ്ണിത്താനെഴുതിയ രണ്ട്‌വാര്‍ത്തകളിന്മേലുള്ള പകയാണ് പ്രേരണ. 2009 ഒക്ടോബര്‍ 11ന് രാത്രി സന്തോഷ്‌നായരടക്കം നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലം ഗസ്റ്റ്ഹൗസില്‍ ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ പങ്കെടുത്തത് ഉണ്ണിത്താന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സന്തോഷ് നായര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരിക്കെ മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി ചേര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ച് കാഞ്ഞിരകോട് കായലോരത്ത് ഭൂമി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണവും ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ രണ്ട് സംഭവങ്ങളുമാണ് ഉണ്ണിത്താനെ വകവരുത്താന്‍ സന്തോഷ് നായരെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.
ക്വട്ടേഷന്‍ സംഘം കൈവശമുള്ള കണ്ടെയ്‌നര്‍ സന്തോഷുമായി സന്തോഷ് നായര്‍ ഇതുസംബന്ധിച്ച് ഗൂഢാലോചന ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി. ഉണ്ണിത്താനെ ആക്രമിക്കുന്നതിന് ഒരുമാസം മുമ്പാണ് കണ്ടെയ്‌നര്‍ സന്തോഷ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഗുണ്ടയായ ജിണ്ട അനിയുള്‍പ്പെടെ പലരോടും ആവശ്യപ്പെട്ടെങ്കിലും പത്രക്കാരനെ ആക്രമിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ ഹാപ്പി രാജേഷാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്.
ക്വട്ടേഷന്‍ സംഘം ഉണ്ണിത്താന്റെ വീട് പോയി കണ്ടിരുന്നു. മാതൃഭൂമി ഓഫീസ് പരിസരവും നിരീക്ഷിച്ചു. നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 13ന് ഉണ്ണിത്താനെ ആക്രമിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. അന്ന് നടക്കാതെ വന്നപ്പോഴാണ് 16ലേക്ക് മാറ്റിയത്.
ഉണ്ണിത്താന്‍ വധശ്രമത്തിന്റെ ഗൂഢാലോചനയില്‍ ഡിവൈ.എസ്.പി. സന്തോഷ്‌നായര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ കോളുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ട്രെയിന്‍ റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
