ആദ്യ സിനിമയ്ക്ക് മാത്രമേ ഓഡിഷന് പോയുള്ളൂ; അതിന് ശേഷം സിനിമകള്‍ ഇങ്ങോട്ട് വരാന്‍ തുടങ്ങി: ഉണ്ണിരാജ
Malayalam Cinema
ആദ്യ സിനിമയ്ക്ക് മാത്രമേ ഓഡിഷന് പോയുള്ളൂ; അതിന് ശേഷം സിനിമകള്‍ ഇങ്ങോട്ട് വരാന്‍ തുടങ്ങി: ഉണ്ണിരാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd December 2025, 6:07 pm

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെ സിനിമയിലെത്തിയ നടനാണ് ഉണ്ണിരാജ. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം പെട്ടന്ന് തന്നെ മലയാളികള്‍ക്ക് സുപരിചതനായി മാറി. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തുവന്ന ‘അവിഹിത’മാണ് ഉണ്ണിരാജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഉണ്ണിരാജ Photo: Screen grab/ marimayam

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

‘ഓഡിഷന്‍ വഴിയാണ് ആ സിനിമയിലേക്ക് എത്തിയത്. കവി രാജേഷ് അമ്പലത്തറ എന്ന കഥാപാത്രം ചെറുതാണെങ്കിലും പ്രശസ്തി നേടിത്തന്നു. പിന്നീട് അരവിന്ദന്റെ അതിഥികള്‍, തിങ്കളാഴ്ച നിശ്ചയം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഓപ്പറേഷന്‍ ജാവ, തുടങ്ങി അവസാനം പുറത്തിറങ്ങിയ ‘അവിഹിതം’ വരെ ഒരുപിടി മികച്ച സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ എഴുപതോളം സിനിമകള്‍ ചെയ്ത് കഴിഞ്ഞു,’ ഉണ്ണിരാജ പറഞ്ഞു.

ആദ്യ സിനിമയ്ക്ക് മാത്രമേ ഓഡിഷന് പോകേണ്ടി വന്നിട്ടുള്ളുവെന്നും അതിന് ശേഷം എല്ലാ സിനിമകളും ഇങ്ങോട്ട് വന്നതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ നിന്ന് ഇന്ന് ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്യാറുണ്ടെന്നും അതില്‍ ഭൂരിഭാഗം സിനിമകളിലും നല്ല കഥാപാത്രം ചെയ്യാനുള്ള അവസരവും ലഭിക്കാറുണ്ടെന്നും ഉണ്ണിരാജ പറഞ്ഞു.

ഓപ്പറേഷന്‍ ജാവയിലെ അഖിലേഷേട്ടന്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നുവെന്നും ഒരൊറ്റ സീന്‍ ആണെങ്കില്‍ കൂടി ആ സിനിമ വലിയ ഹിറ്റായതോടെ ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Unniraja says he only auditioned for his first film