സ്വർണം പൂശാൻ കോടികളുടെ പണപ്പിരിവ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി
Kerala
സ്വർണം പൂശാൻ കോടികളുടെ പണപ്പിരിവ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 8:06 am

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശലിനായി കോടികൾ പിരിച്ച് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി. വിദേശ മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും വ്യവസായികളിൽ  നിന്നുൾപ്പെടെ പണം പിരിച്ചെന്ന് ദേവസ്വം വിജിലെൻസിന്റെ റിപ്പോർട്ട്.

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം പിരിച്ചെന്നും പണപ്പിരിവിന്റെ കണക്കുകളിൽ വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവന്റെ മാല നേരിട്ട് ക്ഷേത്രത്തിനു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ദ്വാരപാലക ശില്പങ്ങളുടെമേൽ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉണ്ണികൃഷ്‍ണൻ പോറ്റി കോടികളുടെ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്.

‘ഉണ്ണികൃഷ്ണൻ പോറ്റി ഒരു സുതാര്യമായ വ്യക്തിയല്ല. അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ ഇടപാടുകൾക്കെതിരെയും വ്യക്തമായ അന്വേഷണം വേണം.  സ്പോൺസർ ആയതുകൊണ്ടും ചെന്നൈയിലുള്ള കമ്പനിയുമായി 40 വർഷത്തെ ഗ്യാരണ്ടി ഉള്ളതുകൊണ്ടുമാണ് അദ്ദേഹത്തെ ഞങ്ങൾക്ക് സമീപിക്കേണ്ടി വന്നത്. കഴിഞ്ഞതവണ ശില്പത്തിന്റെ അറ്റകുറ്റ പണികൾക്കായി താനാണ് കൊണ്ടുപോയതെന്നും ഈ തവണയും തന്റെ കയ്യിൽ തന്നെ തരണമെന്നും അദ്ദേഹം ഞങ്ങളോട്  ആവശ്യപ്പെട്ടിരുന്നു. സ്പോണ്സറായതിനാൽ സ്വാഭാവികമായും അറ്റകുറ്റപണികൾ നടത്തുന്നതിനായാണ് അദ്ദേഹത്തെ സമീപിച്ചത്,’ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ ഇടപാടുകളും സംബന്ധിച്ചും അന്വേഷണം വേണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെടും. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അവർക്കെതിരെയും കൃത്യമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് ദേവസ്വം ബോർഡ് ഏതറ്റം വരെയും സഹകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു

2019ൽ  നിർധനരായ യുവതികൾക്ക് വിവാഹം നടത്തി കൊടുക്കുന്നതിനുള്ള പ്രൊപോസൽ ഇയാൾ മുന്നോട്ട് വെക്കുകയും എന്നാൽ അങ്ങനെ ഒരു പ്രപ്പോസൽ അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം ബോർഡ് പറയുകയും പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റി അതിൽ നിന്നും പിന്മാറുകയായിരുന്നു.

Content Highlight: Unnikrishnan Potty collected crores of rupees to get gold plated