സ്റ്റേജില്‍ വിളിച്ചുവരുത്തി ആരും എന്റെ കണ്ണുനനയിച്ചിട്ടില്ല, ഇതാദ്യമായിട്ടാണ്: ഉണ്ണി മുകുന്ദന്‍
Entertainment news
സ്റ്റേജില്‍ വിളിച്ചുവരുത്തി ആരും എന്റെ കണ്ണുനനയിച്ചിട്ടില്ല, ഇതാദ്യമായിട്ടാണ്: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 11:42 pm

നോക്കിയും കണ്ടും സംസാരിക്കാനോ പെരുമാറാനോ അറിയാത്തയാളാണ് താനെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല വ്യക്തിപരമായും ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

സ്റ്റേജില്‍ വിളിച്ച് വരുത്തി ആരും തന്റെ കണ്ണ് നനയിച്ചിട്ടില്ലെന്നും ഇതാദ്യമായിട്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. താനൊരു സാധാരണ വ്യക്തിയാണെന്നും ഒരു നടനായി കഴിഞ്ഞാല്‍ എങ്ങനെ നടന്ന പെരുമാറണമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വ്‌ളോഗറുമായിട്ടുണ്ടായ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്.

‘ഞാന്‍ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷെ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാന്‍ പഠിച്ച സ്‌കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്താന്‍ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തില്‍ ഇതുവരെയും ഒരു സ്റ്റേജില്‍ വിളിച്ചുവരുത്തി ആരും എന്നെ കണ്ണുനനയിച്ചിട്ടില്ല. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല. നന്നായി സംസാരിക്കാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു.

വര്‍ഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വര്‍ഷം ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷെ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍, ഒരിക്കലും പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്.

എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല. ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി നിങ്ങള്‍ക്ക് തെളിയിച്ച് തരേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: unni mukundan talks about his career